തിരുവനന്തപുരം: ഫണ്ട് വിഹിതം അനുവദിക്കുന്നതിലും പദ്ധതികൾ അംഗീകരിക്കുന്നതിലും പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഈ വിവേചനം കൂടുതലാണ്. 2022-23 ബജറ്റിൽ പ്രഖ്യാപിച്ച ഇരിക്കൂർ മണ്ഡലത്തിലെ ചുണ്ടപ്പറമ്പ്-വെള്ളാട് - കരുവഞ്ചാൽ റോഡിനുള്ള ഭരണാനുമതി ഇതുവരെ നൽകാൻ ഗവൺമെന്റ് തയ്യാറായിട്ടില്ല. 2024-25 ബജറ്റിൽ പ്രഖ്യാപിച്ച ഉദയഗിരി - അരിവിളഞ്ഞ പൊയിൽ - ജോസ്ഗിരി റോഡിനുള്ള ഭരണാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. വകുപ്പ് മന്ത്രി തന്നെ ഇത്തരം വിവേചന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജീവ് ജോസഫ്. സമയത്തിന് പണി കൃത്യമായി പൂർത്തിയാക്കാതെ സർക്കാരിനെയും ജനങ്ങളെയും വഞ്ചിക്കുന്ന കരാറുകാരെ യഥാസമയം ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നിലവിലുള്ള വ്യവസ്ഥകൾക്ക് കഴിയുന്നില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക അപര്യാപ്തമാണ്. കീറിയ കോട്ടുകൾക്ക് തുണിക്കഷ്ണം ഉപയോഗിച്ച് കണ്ടം വയ്ക്കുന്നത് പോലെയാണ് ഇന്നത്തെ റീടാറിങ്ങിന്റെ അവസ്ഥ. അത്തരം റോഡുകളിൽ യാത്രകൾ അസാധ്യമായിട്ടുണ്ട്. ജനപ്രതിനിധികളോട് പോലും ആലോചിക്കാതെ, സിപിഎം ഓഫീസുകളിലാണ് സർക്കാർ പരിപാടികൾ തീരുമാനിക്കപ്പെടുന്നത്. മുഹമ്മദ് റിയാസ് മന്ത്രിയായി വന്നപ്പോൾ വളരെയേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെ വളരെ വിചിത്രമായാണ് അനുഭവപ്പെടുന്നത്.കോവിഡിന് ശേഷം ടൂറിസം രംഗത്ത് വലിയ തകർച്ച ഉണ്ടായി. നിലവിൽ, ചില ടൂറിസം കേന്ദ്രങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനപ്പുറം, സാധ്യതയുള്ള ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തി, അതിനെ കൂടുതൽ പ്രചരണം നൽകി വളർത്തിക്കൊണ്ടു വരാൻ സർക്കാർ മുൻകൈയെടുക്കണം. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലു വർഷമായി ടൂറിസം വകുപ്പിൽ ഒരു റിവ്യൂ മീറ്റിംഗ് പോലും നടന്നിട്ടില്ല. മന്ത്രി അതിനെപ്പറ്റി അന്വേഷിക്കുക പോലും ചെയ്യാത്തത് മോശമാണ്. ഇരിക്കൂർ മണ്ഡലത്തിലെ പാലക്കയംതട്ട്, പൈതൽമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. അവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം വകുപ്പിനെ നിരവധിതവണ സമീപിച്ചെങ്കിലും അവർക്ക് നിഷേധാത്മകമായ സമീപനമാണുള്ളത്.ഭൂനികുതി വർദ്ധിപ്പിച്ചത് അടിയന്തരമായി പിൻവലിക്കണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയും വന്യജീവി ശല്യവും മൂലം വരുമാനം മുട്ടിയ കർഷകരോട് ഭീമമായ ഭൂനികുതി ചുമത്തുന്നത് അന്യായമാണ്. അതിനാൽ പഞ്ചായത്തുകളിലെങ്കിലും ഭൂനികുതി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WE ONE KERALA -NM
Post a Comment