അഴീക്കോട് മണ്ഡലത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു




എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തി. ചിറക്കൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി.അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് 1,80,000 ലേറെ പട്ടയം വിതരണം ചെയ്തുവെന്നും റവന്യു വകുപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പട്ടയ വിതരണമാണ് നടന്നതെന്നും എംഎൽഎ പറഞ്ഞു.മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാർ വാർഡ് പരിധിയിൽ നിന്ന് ഉയർന്നുവന്ന പട്ടയ പ്രശ്നങ്ങൾ അസംബ്ലിയിൽ ഉന്നയിച്ചു. പൊതുജനങ്ങളും പട്ടയ അസംബ്ലിയിൽ പങ്കെടുത്തു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ രാഘവൻ നഗർ, കുന്നുംകൈ തുടങ്ങിയ ഉന്നതികളിൽ ദീർഘകാലമായി താമസിച്ചു വരുന്ന പട്ടയം ലഭിക്കാത്തവരുടെ പട്ടയ വിഷയങ്ങൾ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ടു. അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കടൽപ്പുറമ്പോക്കിൽ താമസിച്ചു വരുന്ന 27 ഓളം പേർക്ക് പട്ടയം ലഭിക്കുന്നത് സംബന്ധിച്ചിട്ടുള്ള വിഷയവും അസംബ്ലിയിൽ ഉന്നയിച്ചു.

2023 ജൂലൈയിൽ നടന്ന പ്രഥമ പട്ടയ അസംബ്ളിക്ക് ശേഷം നാറാത്ത് പഞ്ചായത്തിൽ രണ്ട് പട്ടയങ്ങളും, അഴീക്കോട് സൗത്ത് 18, അഴീക്കോട് നോർത്ത് രണ്ട്, വളപട്ടണം ഒന്ന്, ചിറക്കൽ രണ്ട്, കണ്ണാടിപ്പറമ്പ് ഒന്ന്, പുഴാതി അഞ്ച്, പള്ളിക്കുന്ന് മൂന്ന്, അഴീക്കോട് സൗത്ത് (കടൽപ്പുറമ്പോക്ക് ) 22 എന്നിങ്ങനെ ആകെ 56 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. തഹസിൽദാർ എം ടി സുരേഷ് ചന്ദ്ര ബോസ് മുൻവർഷത്തെ പട്ടയ അസംബ്ലി റിപ്പോർട്ട് അവതരിപ്പിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി സുശീല, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, തഹസിൽദാർ എം ടി സുഭാഷ് ചന്ദ്രബോസ്, എൽ ആർ തഹസിൽദാർ എം.കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.


WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02