കേരളത്തിൽ തുടർഭരണം നേടുകയാണ് ലക്ഷ്യം, അടുത്ത മുഖ്യമന്ത്രിയാരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട'; എം എ ബേബി



കേരളത്തിൽ തുടർഭരണം നേടുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അടുത്ത മുഖ്യമന്ത്രിയാരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചരണത്തിലും സംഘടന കാര്യത്തിലുമെല്ലാം പിണറായി വിജയൻ നയിക്കുമെന്നും ബേബി വ്യക്തമാക്കി ശരിയായ പ്രവർത്തനം നടത്തിയാൽ കേരളത്തിൽ തുടർഭരണം കിട്ടും. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങൾ ചെയ്യാനാണ് 24-ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും ബേബി വ്യക്തമാക്കി. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് മരിയൻ അലക്സാണ്ടർ ബേബി എന്ന എംഎ ബേബി. മഹാരാഷ്ട്രയിൽ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയിൽ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതൽ കേട്ടിരുന്നുവെങ്കിലും ഒടുവിൽ എംഎ ബേബിയെ തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിൽ നിന്നുളള നേതാക്കൾക്ക് പുറമേ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു.രാജ്യത്തുടനീളം ഇന്ത്യാമുന്നണിയ്ക്കും ഇടതുപക്ഷപാർട്ടികൾക്കും പ്രതിസന്ധികാലഘട്ടം തുടരുന്നതിനിടയിലാണ് എംഎ ബേബി സിപിഎമ്മിനെ നയിക്കാനായി എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച പ്രാതിനിധ്യമാണ് ലഭിച്ചത്. ഈ സമയത്ത് സിപിഎം ഉൾപ്പെടയുളള ഇടതുപക്ഷപാർട്ടികളുടെ പ്രകടനവും മുൻവർഷങ്ങളെ അപേക്ഷിച്ച് ദയനീയമായിരുന്നു. ഈ അവസ്ഥയിൽ നിന്ന് സിപിഎമ്മിനെ കരകയറ്റുകയെന്നത് എംഎ ബേബിയെ സംബന്ധിച്ചിടത്തോളം പ്രധാന കടമ്പയായി മാറും എന്നത് ഉറപ്പാണ്.വോട്ടെടുപ്പില്ലാതെയാണ് പിബി എംഎ ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. 2016 മുതൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലാണ് ബേബിയുടെ പ്രവർത്തനം. 1989ൽ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012ലാണ് പിബിയിലെത്തിയത്.വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് എംഎ ബേബി രാഷ്ട്രീയജീവിതം ആരംഭിച്ചത്. എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ ഭാഗമായിരുന്നു. തുടർന്ന് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഈ സമയത്തുളള എംഎ ബേബിയുടെ നേതൃപാഠവവും പ്രസംഗത്തിലെ തീക്ഷ്ണതയും ശ്രദ്ധേയമായിരുന്നു.പാർലമെന്ററി രംഗത്തും ഭരണരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് എംഎ ബേബി. 1986 മുതൽ 1998 വരെ രാജ്യസഭാംഗമായി കേരളത്തെ പ്രതിനിധീകരിച്ച അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും സജീവമായി. തുടർന്ന് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ 2006 മുതൽ 2011 വരെ കാലയളവിലുളള മന്ത്രിസഭയിൽ കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. അതിനുശേഷം 2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെ‌ടുപ്പിൽ കൊല്ലത്ത് നിന്ന് ജനവിധി തേടിയെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിൻതളളപ്പെടുകയാണ് ചെയ്തത്. 370,879 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02