ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവർക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിർമാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം. നിരക്ക് ഇപ്രകാരമാണ്: രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600. ഒരു പവനിന്റേതിന് 77,200. നിലവില്‍ രണ്ട് ഏജൻസികള്‍ക്കാണ് ലോക്കറ്റ് നിർമിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട രണ്ട് ജ്വല്ലറികളില്‍നിന്നുള്ള സ്വർണമാണ് നിലവില്‍ ലോക്കറ്റ് നിർമാണത്തിനായി എടുക്കുന്നത്. ഭാവിയില്‍ സ്വന്തമായി ലോക്കറ്റുകള്‍ നിർമിച്ച് വിതരണം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഭക്തർ ക്ഷേത്ത്രതില്‍ സമർപ്പിച്ച സ്വർണം ഉപയോഗിച്ച് ലോക്കറ്റുകള്‍ നിർമിക്കാനാണ് ആലോചന. ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി ബുക്ക് ചെയ്ത് മാത്രമേ നിലവില്‍ ലോക്കറ്റ് വാങ്ങാൻ സാധിക്കുകയുള്ളൂ. ശബരിമല സന്നിധാനത്തെത്തി അഡിമിനിസ്ട്രേറ്റീവ് ഓഫീസറുടെ കൈവശംനിന്ന് മാത്രമേ ലോക്കറ്റ് കൈപ്പറ്റാൻ സാധിക്കുകയുള്ളൂ. ക്ഷേത്രത്തില്‍ പൂജിച്ച ലോക്കറ്റുകളാണ് വിതരണം ചെയ്യുക. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്
WE ONE KERALA -NM
Post a Comment