ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിവസവും ഔദ്യോഗിക ദുഃഖാചരണം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.12 വർഷം കത്തോലിക്ക സഭയെ നയിച്ച മാർപാപ്പയ്ക്ക് 88 വയസായിരുന്നു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05ന് (പ്രാദേശിക സമയം രാവിലെ 7.35) ഔദ്യോഗിക വസതിയായ വത്തിക്കാനിലെ കാസ സാന്റ മാർത്തയിലായിരുന്നു അന്ത്യം. ഗുരുതര ന്യുമോണിയ ബാധയോട് പൊരുതിയ അദ്ദേഹം ഒരു മാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനുശേഷം സുഖംപ്രാപിച്ചുവരികയായിരുന്നു. ഹൃദയാഘാതവും പക്ഷാഘാതവും ആണ് മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചത്.അതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ മൃതദേഹം സംസ്കരിക്കണമെന്ന് മാർപാപ്പ ആഗ്രഹം അറിയിച്ചിരുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല. ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നുമാത്രം എഴുതിയാൽ മതി എന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.അനുകമ്പയുടെയും എളിമയുടെയും ആത്മീയശക്തിയുടെയും വെളിച്ചമാണ് വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. വേദനയുടെയും സ്മരണകളുടെയും ഈ വേളയിൽ, ആഗോള കത്തോലിക്കാസമൂഹത്തെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
WE ONE KERALA -NM
Post a Comment