മാധ്യമങ്ങളെ കണ്ടതോടെ ഇന്നലെ മുങ്ങി; പാതിവില തട്ടിപ്പ് കേസിൽ എ എൻ രാധാകൃഷ്ണനെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കാൻ ക്രൈം ബ്രാഞ്ച്


പാതിവില തട്ടിപ്പ് കേസിൽ എ എൻ രാധാകൃഷ്ണനെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കും. ഇന്നലെ ഹാജരാകാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകുന്നത്. ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസിനു മുന്നിൽ എത്തിയ എ എൻ രാധാകൃഷ്ണൻ മാധ്യമ പ്രവർത്തകരെ കണ്ട് മടങ്ങിപ്പോയിരുന്നു. കെ എൻ ആനന്ദകുമാറിനെ കൊച്ചിയിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ജയിലിൽ എത്തി ചോദ്യം ചെയ്യും. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന്‌ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക്‌ ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക്‌ ഇടപാട്‌ രേഖകൾ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണൻ താനുമായി കൂടിക്കാഴ്‌ച നടത്തിയതായി അനന്തുകൃഷ്‌ണന്റെ മൊഴിയുമുണ്ട്‌. അനന്തുവിന്റെ ജീവനക്കാരും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്‌. പദ്ധതിയുടെ തുടക്കംമുതൽ കരാർ ഒപ്പിട്ട്‌ അനന്തു കൃഷ്‌ണനുമായി സഹകരിച്ച്‌ പ്രവർത്തിച്ചുവരികയായിരുന്നു രാധാകൃഷ്‌ണൻ. സൈൻ 42 കോടി നൽകാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ എ എൻ രാധാകൃഷ്‌ണനില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഇതെത്തുടർന്നാണ് ചൊവ്വാഴ്ച 11 മണിക്ക് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചത്. നോട്ടീസ് പ്രകാരം രാധാകൃഷ്ണൻ 11 മണിയോടെ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ എത്തി. എന്നാൽ മാധ്യമങ്ങളെ കണ്ടതോടെ അകത്തേക്ക് കയറാതെ മടങ്ങുകയായിരുന്നു. രാധാകൃഷ്ണനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഈ സാഹചര്യത്തിൽ ആണ് വീണ്ടും നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച് തീരുമാനം.

Post a Comment

Previous Post Next Post

AD01

 


AD02