സിഎംആർഎൽ എക്സാലോജിക് കേസ്:സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ മുഖ്യമന്ത്രിക്കും വീണയ്ക്കും ഹൈക്കോടതി നോട്ടീസ്


കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌‍ർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറണം എന്ന ഹർജിയിലാണ് നോട്ടീസ്. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്ക് ഇൻകം ടാക്സ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോ‍ർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന വിഷയങ്ങൾ കൂടി പരി​ശോധിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇൻ്ററിം സെറ്റിൽമെൻ്റ് ബോ‍ർഡിൻ്റെ റിപ്പോർട്ടിൽ പരാമ‍ർശിക്കുന്ന എല്ലാവരുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

എസ്എഫ്ഐഒയുടെ അന്വേഷണം നടന്ന കേസിൽ ഇനി സിബിഐ അന്വേഷണം വേണോ എന്ന് കോടതി പരിശോധിച്ച് വരികയാണ്. കോടതി ഫയലിൽ ഹർജി ചേർക്കുന്നതിന് മുൻപ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവ‍ർക്കും നോട്ടീസ് അയക്കാനാണ് ഉത്തരവ്. എസ്എഫ്ഐഒയുടെ അന്വേഷണത്തിന് പിന്നാലെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു. നിലവിൽ സ്റ്റാറ്റസ്കോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. കേസ് മെയ് 27ന് പരി​ഗണിക്കും. എസ്എഫ്ഐഒയുടെ റിപ്പോർട്ടിൽ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രതികൾക്ക് സമൻസ് അയക്കുന്നത് അടക്കം തടഞ്ഞുകൊണ്ടായിരുന്നു കോടതി ഉത്തരവ്. കൂടാതെ സിഎംആർഎല്ലിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

Post a Comment

Previous Post Next Post

AD01

 


AD02