'വിവാദങ്ങളിൽ നയം മാറ്റമില്ല, ഞങ്ങൾ ഞങ്ങളായി തന്നെ തുടരും'; നയം വ്യക്തമാക്കി ദിവ്യ എസ് അയ്യർ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്. സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ് ഇപ്പോഴത്തെ വിവാദം താൻ കാണുന്നതെന്നും ദിവ്യ പറഞ്ഞു. 'സിനിമ റിലീസ് ആവുമ്പോൾ ആളുകൾ പല വിധത്തിലുള്ള പ്രതികരണം നടത്തും. നമ്മള്‍ ഉദ്ദേശിച്ചത് ആവില്ല കാഴ്ച്ചക്കാരന്‍ കാണുക. ചിലർക്ക് ഇഷ്ടമായെന്ന് വരില്ല. ' ദിവ്യ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സൈബർ ആക്രമണം കൊണ്ടു നയത്തിൽ മാറ്റമില്ലായെന്നും താനും ശബരീനാഥനും തങ്ങളായി തന്നെ തുടരുമെന്നും ദിവ്യ എസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കർണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീർത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ താൻ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ എസ് അയ്യർ കുറിച്ചിരുന്നു. പോസ്റ്റിന് പിന്നാലെ വ്യാപകമായി ദിവ്യയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തില്‍ എന്നിവർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. 'പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തിൽപ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യർ' എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്. കർണ്ണൻ ആരായിരുന്നെങ്കിലും മരണം വരെ ധർമ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ്, കുറ്റം പറയാൻ പറ്റില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ദിവ്യയുടെ ജീവിതപങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതിൽ തെറ്റില്ല. എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമർശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല' എന്നായിരുന്നു ശബരീനാഥന്‍റെ പ്രതികരണം.

അതേസമയം തന്റെ പോസ്റ്റിൽ വിശദീകരണവുമായി ദിവ്യ എസ് അയ്യരും രംഗത്ത് എത്തിയിരുന്നു.

തന്‍റെ അനുഭവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ഉത്തമബോധ്യത്തിലും ചില മനുഷ്യരിൽ ഞാൻ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഈ വിമർശനങ്ങൾ എന്നും നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നും ദിവ്യ എസ് അയ്യർ ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അതേസമയം, നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യ എസ് അയ്യരെ അധിക്ഷേപിക്കുകയാണെന്നായിരുന്നു കെ കെ രാഗേഷിൻ്റെ പ്രതികരണം. വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവർത്തനത്തെ പറ്റി നല്ല വാക്കുകൾ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അത്ഭുതമായി തോന്നുന്നുവെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ദിവ്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ദിവ്യക്കെതിരായ അധിക്ഷേപങ്ങൾ പുരുഷാധിപത്യത്തിന്റെ അങ്ങേയറ്റമാണെന്നും ഭർത്താവിന്റെ രാഷ്ട്രീയത്തിന് അനുസരിച്ച് ദിവ്യയും സംസാരിക്കണമെന്ന ചിന്തയാണിതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Post a Comment

Previous Post Next Post

AD01

 


AD02