ഓപ്പറേഷൻ സ്പോട്ട് ട്രാപ്; നാലുമാസം കൊണ്ട് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത് 40 അഴിമതിക്കാർ

 


അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിനായി വിജിലൻസ് നടപ്പിലാക്കിയ 'ഓപ്പറേഷൻ സ്പോട്ട് ട്രാപി' ന്റെ ഭാഗമായി ഈ വർഷം ഇതുവരെ 40 പേരെ പിടികൂടിയതായി അധികൃതർ. 29 ട്രാപ്പ് കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. പണം നേരിട്ട് കൈപ്പറ്റിയതിനു പുറമെ ഡിജിറ്റൽ ഇടപാടിലൂടെ കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും. വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ നാലു മാസം കൊണ്ട് അറസ്റ്റ് ചെയ്‌ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വിജയിച്ച ട്രാപ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണിത്. അറസ്റ്റ് ചെയ്‌തവരിൽ 16 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് 5ഉം പൊലീസ് വകുപ്പിൽ നിന്ന് 4 ഉം വനം വകുപ്പിൽ നിന്ന് 2ഉം വാട്ടർ അതോറിറ്റി, മോട്ടോർ വാഹന-രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥർ വീതവും കുടുങ്ങി. ഒരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജറും ഒരാൾ പൊതുമേഖലാ ബാങ്കിലെ കൺകറണ്ട് ഓഡിറ്ററുമാണ്. ഇതു കൂടാതെ 4 ഏജന്റുമാരെയും സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ലക്ഷങ്ങൾ കൈക്കൂലി വാങ്ങവേ പ്രതികൾ അറസ്റ്റിലായ സംഭവങ്ങളും ഈ വർഷം ഉണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജർ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. എയിഡഡ് സ്കൂ‌ൾ അധ്യാപകനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ 4 പേരും ഈ വർഷം അറസ്റ്റിലായി. ഈ വർഷം നാളിതുവരെ ട്രാപ് കേസുകളിൽ നിന്നായി ആകെ 6,61,250 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഈ വർഷം റിപ്പോർട്ട് ചെയ്‌ത ട്രാപ് കേസുകളിൽ 4 എണ്ണം വിജിലൻസിൻ്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള തെക്കൻ മേഖലയിൽ നിന്നും 4 കേസുകൾ കോട്ടയം ആസ്ഥാനമായുള്ള കിഴക്കൻ മേഖലയിൽ നിന്നും 13 കേസുകൾ എറണാകുളം ആസ്ഥാനമായുള്ള മധ്യ മേഖലയിൽ നിന്നും 8 കേസുകൾ കോഴിക്കോട് ആസ്ഥാനമായുള്ള വടക്കൻ മേഖലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഓപ്പറേഷൻ സ്പോട്ട് ട്രാപിൻ്റെ ഭാഗമായി അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരിക്ഷണത്തിലുണ്ട്. അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് വിജിലൻസിന് ലഭിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ 2025ൽ ഇതുവരെ വിവിധ സർക്കാർ ഓഫിസുകളിൽ 212 മിന്നൽ പരിശോധനകൾ നടത്തി. കണക്കിൽപ്പെടാത്ത 7 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. അഴിമതിയോട് 'സീറോ ടോളറൻസ്' എന്ന സർക്കാർ നയം അക്ഷരംപ്രതി നടപ്പിലാക്കാൻ വിജിലൻസ് പ്രതിജ്ഞാബദ്ധമാണെന്നും കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിൻ്റെ പ്രാദേശിക യൂനിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്‌ത ഐ.പി.എസ് അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ വാട്സ് ആപ് നമ്പരായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ അഭ്യർത്ഥിച്ചു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02