വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് കാരണം ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും കൂടെ നിർത്താൻ പറ്റൂ , അതും രണ്ടാഴ്ചയിൽ കൂടുതലാവാനും പാടില്ല.ഇതോടൊപ്പം മറ്റ് യാത്രാനിയന്ത്രണങ്ങളുമുണ്ട്. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.ബിസിസിഐയുടെ ഈ പുതിയ നിയന്ത്രണത്തിൽ കോഹ്‌ലി അതൃപ്തനായിരുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള എല്ലാ യാത്രകളിലും കോഹ്‌ലി അനുഷ്ക ശർമ്മയെ ഒപ്പം കൂട്ടാറുണ്ട്. ബിസിസിഐയുടെ ഈ നിയമത്തിനെതിരെ പരോക്ഷ പ്രതികരണവും ആ സമയത്ത് താരം നടത്തിയിരുന്നു. എന്നാൽ ബിസിസിഐ ഇതിൽ ഇളവുകൾക്ക് തയ്യാറായില്ല. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനിൽക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് വിരാടിന്റെ പടിയിറക്കമെന്നും സൂചനയുണ്ട്.
Post a Comment