നിറവും രുചിയുമുള്ള ഹൽവകൾ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ് എന്നാൽ അതിൽ ഒറിജിനൽ ഏതാണെന്ന കാര്യത്തിൽ സംശയം ഉണ്ടായേക്കാം. ഇനി അത് തിരഞ്ഞ് സമയം കളയേണ്ട. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഹൽവ വീട്ടിൽ തയ്യാറാക്കാം. ഈ വേനൽക്കാലത്ത് ഏറ്റവും അധികം ലഭ്യമായ മാമ്പഴം കൊണ്ടുള്ള ഹൽവ ആദ്യം ട്രൈ ചെയ്തു നോക്കൂ. കൃത്രിമ നിറമോ രുചിയോ ചേർക്കാത്ത ഒറിജിനൽ ഹൽവ കൊതിതീരുവോളം കഴിക്കാം.
ചേരുവകൾ
മാമ്പഴം- 2 എണ്ണം
പഞ്ചസാര- 1/2 കപ്പ്
നെയ്യ്- 1/4 കപ്പ്
റവ- 1/4 കപ്പ്
നട്സ്- 1/4 കപ്പ്
ഏലയ്ക്ക- 3 എണ്ണം
കുങ്കുമപ്പൂവ് ( ലഭ്യമെങ്കിൽ)- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേക്ക് കാൽ കപ്പ് നെയ്യ് ചേർത്തു ചൂടാക്കാം. കാൽ കപ്പ് റവ നെയ്യ് ചൂടായതിൽ ചേർത്തു വറുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ അരച്ചെടുത്ത മാമ്പഴം ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. കട്ടിയായി തുടങ്ങുമ്പോൾ അര കപ്പ് പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം. കട്ടി കൂടി വരുമ്പോൾ അൽപം നെയ്യ് കൂടി ചേർക്കാം. മൂന്ന് ഏലക്ക പൊടിച്ചതും ലഭ്യമെങ്കിൽ കുങ്കുമപ്പൂവും ചേർത്തിളക്കി യോജിപ്പിക്കാം. മുകളിൽ നട്സ് നെയ്യിൽ വറുത്തതും ചേർക്കാം. അടിപൊളി മാമ്പഴം ഹൽവ തയ്യാറായിരിക്കുന്നു.
Post a Comment