ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ഇതിൽ സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതിട്ടുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.സംസ്ഥാനത്താകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം നടത്തിയത്. തുടർന്ന് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഫലപ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളും എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും പരീക്ഷയെഴുതിയിരുന്നു
WE ONE KERALA -NM
Post a Comment