ക്ഷീര കർഷക സംഗമവും ഹൈജീനിക് മിൽക്ക് കലക്ഷൻ റൂം ഉദ്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും




 നീലേശ്വരം ബ്ലോക്ക് ക്ഷീര കർഷക സംഗമവും ഇടയിലക്കാട് ക്ഷീര സംഘത്തിന്റെ ഹൈജീനിക് മിൽക്ക് കലക്ഷൻ റൂമിൻ്റെ ഉദ്ഘാടനവും മെയ് 19ന് തിങ്കളാഴ്ച ഇടയിലക്കാട് ക്ഷീര സംഘം പരിസരത്ത് ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. എം രാജഗോപാലൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പരിധിയിൽ ക്ഷീര മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കും. ക്ഷീര കർഷക സെമിനാറിൽ ഗുണമേന്മയുള്ള പാൽ ഉൽപാദനത്തിലൂടെ മെച്ചപ്പെട്ട വരുമാനം എന്ന വിഷയത്തിൽ. കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസർ പി വി മനോജ് കുമാറും കന്നുകാലികളിലെ രോഗങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ പിലിക്കോട് കാർഷിക കോളേജ് അസി. പ്രൊഫസർ ഡോ. വന്ദന മോഹനനും ക്ലാസ് എടുക്കും. 35 ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നുമായി 450 ഓളം പ്രതിനിധികൾ പങ്കെടുക്കും.  നീലേശ്വരം ക്ഷീരവികസന യൂണിറ്റ് പരിധിയിൽ ഉൾപ്പെടുന്ന 6 ഗ്രാമ പഞ്ചായത്തുകളിലും നീലേശ്വരം മുൻസിപ്പാലിറ്റിയിലുമായി ആകെ 35 ക്ഷീര സംഘങ്ങൾ ആണ് പ്രവർത്തിക്കുന്നത്. നിലവിൽ 1250 ഓളം കർഷകരിൽ നിന്നായി പ്രതിദിനം 12000 ലിറ്റർ പാൽ ക്ഷീര സംഘങ്ങൾ മുഖേന സംഭരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം "സ്വയം പര്യാപ്ത ക്ഷീര കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ക്ഷീര വികസന വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനത്തെ 50 പൊട്ടൻഷ്യൽ ബ്ലോക്കുകളിൽ ഒന്നാണ് നീലേശ്വരം ബ്ലോക്ക്. പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ മധുസൂദനൻ, നീലേശ്വരം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ കെ രമ്യ, മിൽമ ഫെഡറേഷൻ ഡയറക്ടർ പി പി നാരായണൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല എന്നിവർ പങ്കെടുത്തു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01