വിദ്യാലയങ്ങൾക്ക് കവചമൊരുക്കാൻ പൊലീസ്


കണ്ണൂർ: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി കേരള പൊലീസ്.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സമീപ പ്രദേശങ്ങളിലും സുരക്ഷാ കവചങ്ങളൊരുക്കിയാണ് പൊലിസ് സേനയുടെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കും ലഹരി ഉപഭോക്താക്കൾക്കും പൂട്ടിടുന്നത്

നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളെ മഫ്തിയിൽ സ്കൂൾ പരിസരങ്ങളിൽ വിന്യസിക്കുന്നതുൾപ്പെടെ ഇതിനായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലാ പൊലിസ് മേധാവികൾക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. രക്ഷിതാക്കളുടെ സഹകരണം കൂടി ഉറപ്പാക്കി വേണം നടപടികളെന്നാണ് ഉത്തരവ്.

വിദ്യാലയങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, പൊതു കളിസ്ഥലങ്ങൾ, എന്നിവയുടെ പരിസരത്തുള്ള സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കൾ കണ്ടാൽ അവയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും സുരക്ഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി മെയ് 28, 29, 30, 31 തിയതികളിൽ എല്ലാ പ്രദേശങ്ങളിലും സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്നും എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനു പുറമെ സ്കൂൾ അധ്യയന വർഷം ആരംഭിച്ചാൽ സ്കൂളിനോട് ചേർന്നുള്ള പട്ടണങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ഇടവഴികൾ, വിദ്യാർത്ഥികൾ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെ പൊലിസ് സേനാംഗങ്ങളെ നിയോഗിച്ച് ലഹരി സംഘാം ങ്ങളെ നിരീക്ഷിക്കാനുമുള്ള സംവിധാനം പൊലിസ് ഒരുക്കുന്നുമുണ്ട്.

മതിലുചാട്ടക്കാർ വിവരമറിയും 

സ്കൂൾ വളപ്പിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമുള്ള ശരിയായ പാതകൾക്കു പുറമെ അനധികൃത മാർഗ്ഗങ്ങൾ ഉണ്ടോയെന്ന് അതാത് പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (പൊലീസ് ഇൻസ്പെക്ടർ) നേരിട്ടെത്തി പരിശോധിക്കണമെന്നും എഡിജിപിയുടെ ഉത്തരവിൽ പറയുന്നുണ്ട്.

ഉപയോഗശൂന്യമായ ബാത്ത് റൂമുകൾ, കെട്ടിടങ്ങൾ, എന്നിവയും ശ്രദ്ധയിൽ പെടാതെ ലഹരി സംഘാംകൾക്ക് ഒളിഞ്ഞിരിക്കാൻ പറ്റിയ ഒളിത്താവളങ്ങൾ എന്നിവ സ്കൂൾ പരിസരത്തുണ്ടോയെന്നും പൊലിസ് ഇൻസ്പെക്ടർമാർ നേരിട്ടു വന്ന് പരിശോധിക്കും.

വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ കാരണമില്ലാതെ വാഹനങ്ങളിൽ വന്നു പോകുന്ന യുവാക്കളും പൊലിസ് നിരീക്ഷണത്തിലാകും.

സ്റ്റേഷൻ പരിധിയിലെ സ്കൂൾ യൂണിഫോം മനസ്സിലാക്കി സ്കൂൾ സമയത്ത് കറങ്ങി നടക്കുന്നവരെ കണ്ടെത്തി സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാനുമുള്ള  നടപടി സ്വീകരിക്കാനും പൊലിസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01