കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍; സംഭവം കായക്കൊടി എള്ളിക്കാംപാറയില്‍


കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. കുറ്റ്യാടിക്ക് സമീപം കായക്കൊടി എള്ളിക്കാംപാറയില്‍ ആണ് സംഭവം. കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍  ഭൂചലനം ഉണ്ടായതായാണ് നാട്ടുകാരുടെ പരാതി. പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായത്. പ്രത്യേക ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. ആളുകള്‍ വീടുവിട്ട് പുറത്തേക്കിറങ്ങി. സെക്കന്‍ഡുകള്‍ മാത്രമാണ് ചലനം തുടര്‍ന്നത്. വില്ലേജ് ഓഫീസര്‍ സ്ഥലത്ത് എത്തിയിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം എം എല്‍ എ. ഇ കെ വിജയന്‍ പറഞ്ഞു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വിദഗ്ധസംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തും. വെള്ളിയാഴ്ചയും സമാന ചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെന്നും ഇ കെ വിജയന്‍ എം എല്‍ എ പറഞ്ഞു.



إرسال تعليق

0 تعليقات