തലസ്ഥാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം; മന്ത്രി വി ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്തു


സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള തലസ്ഥാനത്ത് ആരംഭിച്ചു. ഈ മാസം 23 വരെ കനകക്കുന്ന് കൊട്ടാരത്തിലാണ് മേള. പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കനകകുന്നിലെത്തുന്നവര്‍ക്ക് മുന്നില്‍ ഇനി കാഴ്ചകളുടെയും കൗതുകങ്ങളുടെയും ലോകം. 250 സ്റ്റാളുകളിലായി വിവിധ ഉല്‍പ്പന്നങ്ങളുടെ വലിയ വിപണി. 161 സര്‍വീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഎ റഹീം എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, ജില്ലാ കളക്ടറുമായ അനുകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, മിനി തിയറ്റര്‍ ഷോ, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും സജ്ജമാക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 8000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. മേളയോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഏഴു ദിവസങ്ങളിലായി നടക്കും.

മെയ് 23ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സംസ്ഥാനതല സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.



Post a Comment

أحدث أقدم

AD01