വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പയുടെ മരണത്തിനും പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലയളവിനെ പ്രതിനിധീകരികരിച്ച് വത്തിക്കാൻ ‘സെദേ വെക്കാന്റേ’ (ഒഴിഞ്ഞ ഇരിപ്പിടം) സ്റ്റാമ്പുകളുടെ ഒരു പ്രത്യേക സെറ്റ് പുറത്തിറക്കി.വത്തിക്കാൻ സിറ്റിയിലെ ‘ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടറേറ്റി’ന്റെ പോസ്റ്റൽ ആൻഡ് ഫിലാറ്റലി സർവീസ്സാണ് അനുസ്മരണ സ്റ്റാമ്പുകളുടെ പരമ്പര പുറത്തിറക്കിയത്. സ്റ്റാമ്പു ശേഖരണക്കാരുടെ പ്രിയപ്പെട്ടതായി കാണക്കാക്കപ്പെടുന്ന ഈ സ്റ്റാമ്പുകൾ, ഓരോ തവണയും പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള കാലയളവിൽ മാത്രമാണ് പുറത്തിറക്കുന്നത്. അടുത്ത പോപ്പ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ വത്തിക്കാൻ സിറ്റിയിൽനിന്ന് തപാൽ വഴി അയയ്ക്കുന്ന കത്തിടപാടുകൾക്ക് ഈ സ്റ്റാമ്പ് ഉപയോഗിക്കാവുന്നതാണ്. 1.25 യൂറോ, 1.30 യൂറോ, 2.45 യൂറോ, 3.20 യൂറോ എന്നിങ്ങനെ നാല് വ്യത്യസ്ത മൂല്യങ്ങളിലുള്ളവയാണ് സ്റ്റാമ്പുകൾ. നാലു സ്റ്റാമ്പുകളിലും അപ്പസ്തോലിക് സിംഹാസനത്തിന്റെ പ്രതീക്കാത്മക ചിത്രീകരണമാണുള്ളത്. സ്റ്റാമ്പുകളിൽ ‘സെദേ വെക്കാന്റേ 2025’ എന്നും ‘ചിത്ത ദെൽ വത്തിക്കാനോ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, സ്വർണത്തിലും വെള്ളിയിലുമുള്ള രണ്ടു താക്കോലുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന മാലാഖമാരെയും കാണാം. 1929-ൽ വത്തിക്കാൻ സിറ്റി ഒരു സ്വതന്ത്ര രാജ്യമായി സ്ഥാപിതമായതിനുശേഷം പുറത്തിറക്കുന്ന എട്ടാമത്തെ ‘സെദേ വെക്കാന്റേ’ സ്റ്റാമ്പാണിത്. പയസ് പതിനൊന്നാമൻ പോപ്പ് മരിച്ചതിനെത്തുടർന്ന് 1939 ഫെബ്രുവരിയിലാണ് ഇത്തരം സ്റ്റാമ്പുകളുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ബെനഡിക്ട് പതിനാറാമൻ പോപ്പ് വിരമിച്ചതിനെത്തുടർന്നാണ് അതിനുമുൻപ് അവസാനമായി ഈ ഗണത്തിലെ സ്റ്റാമ്പുകൾ വത്തിക്കാൻ പുറത്തിറക്കിയത്.
WE ONE KERALA -NM
Post a Comment