ഹയർസെക്കൻഡറി വിഭാഗത്തിൽ പുതിയ അധ്യയന വർഷത്തിൽ പ്രത്യേക ഓറിയന്റേഷൻ സെഷൻ: മന്ത്രി വി ശിവൻകുട്ടി


ഹയർസെക്കൻഡറി വിഭാഗത്തിൽ പുതിയ അധ്യയന വർഷത്തിൽ പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരി ഉപയോഗം, റാഗിംഗ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിൽ രണ്ടാഴ്ച കൊണ്ട് 6 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ സെഷൻ ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് അക്കാദമിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ നൽകുക എന്നതാണ് ഇപ്പോഴത്തെ പദ്ധതി.

ഇതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉപയോഗപ്പെടുത്തി മോഡ്യൂളുകളിൽ വേണ്ടത്ര പരിഷ്കരണങ്ങൾ നടത്തി ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിക്കുന്ന മുറയ്ക്ക് അവർക്കും സമാനമായ രീതിയിൽ പരിശീലനം നൽകുവാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മേൽ സൂചിപ്പിച്ച വിഷയങ്ങളുടെ സമൂഹശാസ്ത്ര, മന:ശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തി അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിക്കുന്നത്. അധ്യാപക പരിശീലകർക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഉള്ള പരിശീലനം നൽകുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര വിദഗ്‌ധരോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്‌ധരുടെ സഹായത്തോടു കൂടിയുമാണ്. ഈ അക്കാദമിക വർഷം മുഴുവനും ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും നേതൃത്വത്തിൽ ഇടപെടൽ നടത്തും. തുടർന്ന് മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ ഒരുക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ കുട്ടികളെ കണ്ടെത്തി അവർക്ക് ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ വേണ്ട പിന്തുണ നൽകാനും പദ്ധതിയിൽ ആലോചനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01