അൽ മുക്തദിർ ജ്വല്ലറി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ഇരകൾ; പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയെന്ന്

 


കൊല്ലം: അൽ മുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരിൽ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയതായും അൽ മുക്തദിർ ഇൻവെസ്റ്റേഴ്‌സ് ഗ്രൂപ് ഭാരവാഹികൾ പറഞ്ഞു.മതവും ദൈവത്തിൻ്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുൽ സലാം ഇപ്പോൾ മുങ്ങിയിരിക്കുകയാണെന്നാണ് ഇരകൾ പറയുന്നത്. തട്ടിപ്പിനിരയായവരിൽ 99.9 ശതമാനം പേരും മുസ് ലിംകളാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില മതപ്രഭാഷകരെ വിദഗ്‌ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചത്. 10 ശതമാനം ഏജൻസി കമീഷൻ നൽകിയതിനാൽ അവർ വീടുകൾ കയറിയിറങ്ങി നല്ലനിലയിൽ കാമ്പയിൻ നടത്തി. വിവാഹപ്രായമായ പെൺകുട്ടികളുള്ള വീട്ടിൽ ചെന്ന് അവരുടെ കൈവശമുള്ള സ്വർണം വിവാഹ സമയത്ത് ഇരട്ടിയാക്കി നൽകാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുത്തു. ആദ്യമൊക്കെ ചിലർക്ക് ലാഭകരമായി സ്വർണം തിരികെ നൽകിയെങ്കിലും പിന്നീട്, വലിയ തോതിൽ പണവും സ്വർണവും സമാഹരിച്ച് ഇപ്പോൾ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്. ചില കടകൾ പാതി തുറന്ന് പരാതിയുമായി വരുന്നവരിൽനിന്ന് പണം 10 ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ് നിക്ഷേപിച്ചപ്പോൾ നൽകിയ രേഖകൾ കൂടി തിരികെ വാങ്ങുകയാണ്. നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്റർനെറ്റ് കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ട്. കൊല്ലം ബീച്ച് റോഡിൽ പ്രവർത്തിച്ചിരുന്ന അൽ മുക്തദിർ ബ്രാഞ്ചായ അൽ-ബാസിത് ജ്വല്ലറിയിൽ മാത്രം അഡ്വാൻസ് ബുക്കിങ് നടത്തിയവരിൽ നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന് ശാഖകളിൽ മാത്രം 500ലേറെ നിക്ഷേപകരുണ്ട്. അഞ്ചു ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവർ. കഴിഞ്ഞ അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവർത്തനരഹിതമാണ്. ഇൻവെസ്റ്റേഴ്സ് ഗ്രൂപ് കൺവീനർ പി.എസ്. നിഷാദ്, എം. ഉബൈദ്, മക്‌തൂൻ മുഹമ്മദ് ഇല്യാസ്, എസ്. ഷാജൻ എന്നിവരടക്കം പതിനഞ്ചോളം പേർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01