.
ചെങ്ങളായി - ചുഴലി റോഡിൽ രൂപപ്പെട്ട അഗാധമായ ഗർത്തം സോയിൽ പൈപ്പിങ് വഴിയാകാം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനസംഘം അഭിപ്രായപ്പെട്ടു. നല്ല മഴ ലഭിക്കുന്ന ചെങ്കൽ പീഠഭൂമി മേഖല കളിൽ കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ അളവ് കൂടുതൽ ആവും. മേൽമണ്ണിന്റെയും അടിയിലുള്ള കരിങ്കല്ലിന്റെയും (മാതൃ ശിലയുടെയും) ഇടയിൽ ഉള്ള കനം കുറഞ്ഞ കളിമണ്ണ് ഭൂഗർഭ നീരോഴുക്കിൽ ഒലിച്ചു പോയി മണ്ണി നടിയിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതാണ് സോയിൽ പൈപ്പിംഗ്. ഇങ്ങനെ സംഭവിച്ചാൽ റോഡിൻ്റെ മറ്റു ഭാഗങ്ങളും അപകടത്തിൽ ആകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സോയിൽ പൈപ്പിംഗ് സാധ്യതയുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്ന ഭൂമിശാസ്ത്ര മേഖലയാണ് ഇത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സമീപ പ്രദേശത്തെ ചെറു തൊടുകളിലെ നീരോഴുക്കും കിണറുകളുടെയും മറ്റു ജലസ്രോതസ്സുകളുടെയും സവിശേഷതകൾ കൂടി പ്രാദേശിക ഭൂവിനിയോഗം മുൻനിർത്തി പഠനവിധേയമാക്കേണ്ടതാണ്. റോഡിൽ പലഭാഗത്തായി ഇനിയും കാണുന്ന ചെറിയ വിള്ളലുകൾ വിശദമായി പരിശോധിച്ച് റോഡ് പുനർനിർമ്മാണം നടത്തേണ്ടതാണ്. കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി കെ പ്രസാദ്, ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ, കെ കെ രവി , വി പി വത്സരാജൻ, പി ഹരീഷ്, കെ വി മുരളീധരൻ,നസീർ ചൂളിയാട് , ആർ. കെ മാധവൻ എന്നിവർ പഠന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം .എം . പ്രജോഷ് , പി പ്രകാശൻ എന്നിവർ സ്ഥിതിഗതികൾ വിശദീകരിച്ചു
WE ONE KERALA -NM
Post a Comment