ജെഎസ്കെ’ സിനിമ ഹൈക്കോടതി ഇന്ന് കാണും


കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കേരള ഹൈക്കോടതി ഇന്ന് കാണും. ഇന്ന് രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ.നഗരേഷ് അറിയിച്ചിരുന്നത്. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം. പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചിരുന്നു. സെൻസർ ബോർഡ് തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിർമാതാക്കൾ ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകിയിരുന്നു. കേസ് പരിഗണിച്ച സമയത്ത് രണ്ടാമത്തെ ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. എന്നാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ പറഞ്ഞു. എന്തു സാഹചര്യത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചിരുന്ന കാര്യവും അഭിഭാഷകൻ ഓർമിപ്പിച്ചു. തുടർന്നാണു സിനിമ കാണാമെന്നു കോടതി വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് കോടതി നിർദേശിച്ചു.



Post a Comment

Previous Post Next Post

AD01