കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യുവും എം.എസ്.എഫും നേർക്കുനേർ


കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവും എം.എസ്.എഫും നേർക്കുനേർ പോരാട്ടത്തിൽ. കെ.എസ്.യു വഞ്ചിച്ചെന്ന് എം.എസ്.എഫ്. ചെയർമാൻ സ്ഥാനം എം.എസ്.എഫിന് നൽകാമെന്ന് നേരത്തേ കെ എസ് യു സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ധാരണയിൽ നിന്നും കെ എസ് യു പിൻമാറിയെന്ന് എം.എസ്എഫ് ആരോപിക്കുന്നു. ചെയർമാൻ സ്ഥാനത്തേക്കുളള മത്സരത്തിൽ ഉറച്ച് നിൽക്കുമെന്ന് എം.എസ്.എഫ് നേതാക്കൾ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഉണ്ടാക്കിയ ധാരണകളിൽ നിന്നും എകപക്ഷീയമായി പിൻമാറിയ കെ.എസ്.യു തങ്ങളെ വഞ്ചിച്ചുവെന്നാണ് എം.എസ്.എഫ് ഉന്നയിക്കുന്ന ആരോപണം. പല കോളേജുകളിലും എംഎസ്എഫിൻ്റെ സഹായത്തോടെയാണ് കെ.എസ്.യു വിജയിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും കെ.എസ്.യുവിനെക്കാൾ മേൽക്കൈ എം.എസ്.എഫിനാണ്. ഇത്തവണ ചെയർമാൻ സ്ഥാനം എം.എസ്.എഫിന് നൽകാമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണ.എന്നാൽ ഈ ധാരണ പൊളിച്ച് ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെ എസ് യു ഉറച്ച് നിൽക്കുന്നതാണ് എം.എസ്.എഫിനെ ചൊടിപ്പിച്ചത്. ഇതോടെ തങ്ങളും ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരരത്തിൽ നിന്നും പിൻവാങ്ങില്ലെന്ന വാശിയിലാണ് എം.എസ്.എഫ് നേതൃത്വവും. ചെയർമാൻ സ്ഥാനത്തേക്ക് എം.എസ്.എഫും കെ.എസ്.യു വും നേർക്കു നേർ പോരാട്ടത്തിലായി. നേരത്തെ കുസാറ്റ് തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരരിക്കാമെന്ന ധാരണയും കെ എസ് യു ലംഘിച്ചിരുന്നു.

ആ സമയത്ത് എം.എസ്.എഫ് നേതാക്കൾ പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡൻ്റിനും നൽകിയ പരാതി പുറത്തു വന്നു. തങ്ങളെ കെ.എസ്.യുനേതാക്കൾ തുടർച്ചയായി അപമാനിക്കുന്നുവെന്നും ഇതിൽ തങ്ങൾ വലിയ നിരാശയിലാണെന്നും കത്തിൽ പറയുന്നുണ്ട്. ഷാഫി പറമ്പിൽ ഇടപെട്ട് ഉണ്ടാക്കിയ ധാരണപോലും കെ എസ് യു നേതാക്കൾ പൊളിക്കുന്നു. ഇക്കാര്യതിൽ കോൺഗ്രസ് നേതാക്കളുടെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. മുന്നണി മര്യാദയുടെ അടിസ്ഥാനത്തിലാണ് ഈ അവഗണനകളൊക്കെ സഹിക്കുന്നതെന്നും എം.എസ്.എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.ഈ മാസം 22 നാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്. കെ എസ് യു എം എസ് എഫ് നേർക്കുനേർ പോരാട്ടം രണ്ട് സംഘടനകളിലെയും അണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01