ലക്കിടി: വയനാട് ഗേറ്റിന് സമീപം വാഹന പരിശോധനക്ക് ഇടയിൽ വൈത്തിരി പോലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തില്‍ നിന്ന് എടുത്ത് ചാടി രക്ഷപ്പെട്ടു.ഇയാളുടെ കാറില്‍ നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തി. മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനക്കിടെ ചുരത്തില്‍ നിന്ന് താഴ്ചയിലേക്ക് ചാടി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടര മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ജാഗ്രത നിര്‍ദേശം ലഭിച്ചതിനെ തുടർന്ന് ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്.
ഈ സമയം ദേശീയപാതയിലൂടെ എത്തിയ കാര്‍ കണ്ട് സംശയം തോന്നിയ പോലീസ് വാഹനത്തിന് കൈ കാണിച്ച് റോഡരികിലേക്ക് ഒതുക്കി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
പോലീസ് കാര്‍ പരിശോധിക്കാൻ ഒരുങ്ങവെ കാറിൽ ഉണ്ടായിരുന്ന ഷഫീഖ് പെട്ടെന്ന് ഇറങ്ങിയോടി, ഉടൻ വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് അപകടകരമായ വിധത്തില്‍ എടുത്ത് ചാടി.
വീണിടത്ത് നിന്ന് എഴുന്നേറ്റ് വനഭാഗത്തിന് ഉള്ളിലേക്ക് ഓടിയ യുവാവിനെ തേടി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പിന്നീട് സ്ഥലത്ത് എത്തിയ കല്പറ്റ അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഉച്ച വരെ തിരച്ചില്‍ നടത്തി.
ചാടിയ സ്ഥലത്ത് നിന്ന് അര കിലോ മീറ്ററോളം അകലെയുള്ള നീര്‍ച്ചാലിന് സമീപത്ത് വരെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം കണ്ടില്ല.
.jpg)



إرسال تعليق