വെറുതെ മദ്യത്തെ സംശയിച്ചു. ചക്കയുടെ ചതിയില്‍ ‘ഊതി കുടുങ്ങി’ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാർ




പന്തളം: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ വേണമെങ്കിൽ ചക്ക പണിതരുമെന്നുകൂടി, പന്തളം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം തെളിയിച്ചു. വീട്ടിൽ നല്ല തേൻവരിക്കച്ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ ചുളയുമായി എത്തിയത്. നല്ലമണവും രുചിയും ഉള്ളതായിരുന്നു. വെറുംവയറ്റിലാണെന്ന് ആലോചിക്കാതെ, ഡ്യൂട്ടിക്ക് പോകുംമുമ്പ് ഡ്രൈവർമാരിലൊരാൾ നാലഞ്ച് ചുള അകത്താക്കി. ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ ‘ഊതിക്കൽ’ തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്തലൈസർ പൂജ്യത്തിൽനിന്ന് കുതിച്ചുയർന്ന് പത്തിലെത്തി. താൻ മദ്യപിച്ചില്ലെന്നും വേണമെങ്കിൽ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവർ പറഞ്ഞു. എന്നാൽ മദ്യപിച്ചവരെ കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ.ഒടുവിൽ സാംപിൾ പരിശോധന നടത്താമെന്നായി ജീവനക്കാർ.ഊതിക്കാൻ നിയോഗിച്ച ആൾതന്നെ ആദ്യം ഊതിയപ്പോൾ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോൾ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ. ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ‘ഫിറ്റാ’യപ്പോൾ, വില്ലൻ ചക്കതന്നെയെന്ന് അധികൃതർ ഉറപ്പിച്ചു.



 

Post a Comment

Previous Post Next Post

AD01