കെഎസ്‌യു കാസർഗോഡ് ജില്ലാ നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്.കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വേണ്ടി യൂത്ത് കോൺഗ്രസിനെ ഒറ്റിയെന്നാണ് ആരോപണം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂരിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപിക്കാണ് പരാതി നൽകിയത്.കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു യുയുസി വോട്ട് ചെയ്യാതിരിക്കാൻ എസ്എഫ്ഐയിൽ നിന്ന് പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം ആണ് പരാതി നൽകിയത്. ഇരുപത്തിയാറാം തവണയും കണ്ണൂർ സർവകലാശാല ഭരണം എസ്എഫ്ഐ നിലനിർത്തിയിരുന്നു. എട്ടു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് എസ്എഫ്ഐയിൽനിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തു. യൂണിയൻ ചെയർപേഴ്സൻ ഉൾപ്പെടെ അഞ്ച് ജനറൽ സീറ്റുകളും കണ്ണൂർ ജില്ലാ റെപ്രസെന്റേറ്റീവ് സീറ്റുമാണ് എസ്എഫ്ഐയ്ക്ക് ലഭിച്ചത്. നന്ദജ് ബാബു യൂണിയൻ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.കാസർകോട്, വയനാട് ജില്ലാ റെപ്രസെന്റേറ്റീവ് സീറ്റുകളാണ് കെഎസ്‌യു– എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫ് പിടിച്ചത്. ഇതിനിടെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവർത്തകർ സർവകലാശാല പരിസരത്ത് ഏറ്റുമുട്ടിയത് തെരുവ് യുദ്ധത്തിന് സമാനമായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് പല തവണ ലാത്തിചാർജ് നടത്തി.
Post a Comment