ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചര പുരാം മോഹൻ നായിഡുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവീസിനോടൊപ്പം ആഭ്യന്തര സർവീസും വർദ്ധിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ കെ സുധാകരൻ എംപി ആവശ്യപ്പെട്ടു .കണ്ണൂർ- ന്യൂഡൽഹി വിമാന സർവീസ് ആഴ്ചയിൽ മൂന്ന് ദിവസമാണ് . ഇത് എല്ലാ ദിവസവുമായി വർദ്ധിപ്പിക്കണം. കണ്ണൂർ - അഹമ്മദാബാദ് സർവീസും പുനരാരംഭിക്കണം. ഇതിലൂടെ ടെക്സ്റ്റൈൽ മേഖലയിലടക്കം കണ്ണൂർ - ഗുജറാത്ത് വ്യാപാര ബന്ധം ശക്തമാക്കാനും മലബാർ പ്രദേശത്തെ കയറ്റുമതി ഉൽപ്പന്നങ്ങൾ അഹമ്മദാബാദിൽ എത്തിക്കുവാനും എളുപ്പമാകും. അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ വരുന്നത് ബംഗാൾ, കൊൽക്കത്ത ഭാഗങ്ങളിൽ നിന്നാണ്. അതിനാൽ കണ്ണൂർ - കൊൽക്കത്ത സർവീസുകളുടെ എണ്ണവും വർദ്ധിപ്പിക്കണം. അതോടൊപ്പം കണ്ണൂരിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കണ്ണൂർ - ഗോവ, കണ്ണൂർ - പുതുച്ചേരി സർവീസുകൾ ആരംഭിക്കണമെന്ന നിർദ്ദേശവും കെ. സുധാകരൻ എം പി മുന്നോട്ടു വെച്ചു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിലുള്ള പ്രതിഷേധം കെ സുധാകരൻ എം പി മന്ത്രിയെ അറിയിച്ചു. പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ സ്ഥിരമായി സർവീസ് നടത്തുവാൻ പറ്റാത്ത അവസ്ഥയാണ് . അതുപോലെതന്നെ കണ്ണൂരിൽ നിന്ന് പുതിയ രാജ്യാന്തര റൂട്ടുകൾ തുടങ്ങുന്നതിനും ഇത് തടസ്സം നിൽക്കുന്നു. കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിന് പോയിൻ്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ കണ്ണൂർ എയർപോർട്ടിന്റെ വരുമാനം കുറയുകയും എയർ കാർഗോ വഴി കയറ്റുമതി ചെയ്യുന്ന മത്സ്യം, കൈത്തറി ഉൽപ്പന്നങ്ങൾ മുതലായവയ്ക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിപണിയും നഷ്ടപ്പെടുകയാണ്. കണ്ണൂരിലെയും സമീപപ്രദേശങ്ങളിലെയും തൊഴിൽ സാധ്യതകളെയും ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളർച്ചയെയും ഇത് സാരമായി ബാധിക്കും . പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാകാത്തതിനാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർവീസുകളായ കസ്റ്റംസ്, എമിഗ്രേഷൻ കോസ്റ്റ് റിക്കവറി ചാർജ് ഇളവ് ചെയ്തു നൽകണം. കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിന് പോയിന്റ് പോയിന്റ് ഓഫ് കോൾ പദവി നൽകുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും കെ സുധാകരൻ എംപി കേന്ദ്ര വ്യോമ യാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
Post a Comment