സിപിഐ എം മുൻ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ആദ്യകാല പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാളുമായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 17 വർഷം. സംഘപരിവാറിന്റെ വർഗീയതയ്ക്കും ഖലിസ്ഥാൻ തീവ്രവാദത്തിനും എതിരെ അടിയുറച്ചു നിന്ന പോരാളി. പോരാട്ടങ്ങൾക്ക് എന്നും കരുത്തും ഊർജവും പകരുന്ന ജീവിതമായിരുന്നു ഹർകിഷൻ സിങ് സുർജിത്തിന്റേത്.പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച ഹർകിഷൻ സിങ് സുർജിത്ത്, വിപ്ലവകാരിയായ ഭഗത് സിംഗിനെ അതിരറ്റ് ആരാധിച്ചിരുന്നു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനത്തിൽ, ഹോഷിയാർപുർ കോടതിവളപ്പിൽ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ വകവെയ്ക്കാതെ ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ്ണ പതാക ഉയർത്തിയ ധീരനായ 16 വയസ്സുകാരനെ, കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ പേര് ‘ലണ്ടൻ തോഡ് സിങ്’ (ലണ്ടനെ തകർക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ചു.സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാളായിരുന്നു സുർജിത്ത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യവ്യാപകമായി കമ്മ്യൂണിസ്റ്റുകൾ വേട്ടയാടപ്പെട്ടപ്പോൾ, സുർജിത്തിനെ ജയിലിലെ ഇരുട്ടുമുറിയിൽ അടയ്ക്കുകയും ഇത് അദ്ദേഹത്തിന്റെ കാഴ്ചയെ മങ്ങിക്കുകയും ചെയ്തു. എങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടവീര്യത്തിന് ഇത് തടസ്സമായില്ല.
1992 മുതൽ 2005 വരെ സിപിഐ എം ജനറൽ സെക്രട്ടറിയായി ഹർകിഷൻ സിംങ് സുർജിത്ത് പ്രവർത്തിച്ചു. ഈ കാലഘട്ടമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സുപ്രധാന ഏടുകളിലൊന്നായ പ്രതിപക്ഷ ഐക്യമുന്നണി രൂപംകൊള്ളുന്നതിന് സാക്ഷ്യം വഹിച്ചത്. മതേതര ഇന്ത്യയെ മതാധിഷ്ഠിത ഇന്ത്യയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്കെതിരെ യുപിഎ സർക്കാർ രൂപംകൊള്ളുമ്പോൾ നിർണ്ണായകമായത് സുർജിത്തിന്റെ നിലപാടുകളാണ്. ബി.ജെ.പി.യുടെ വർഗീയതയ്‌ക്കെതിരെ ഒരു വിശാലമുന്നണി രൂപപ്പെടുന്നതിന്റെയും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുടെയും തുടക്കം ഇന്ത്യയിൽ രൂപപ്പെടുന്നത് ഹർകിഷൻ സിങ് സുർജിത്ത് സിപിഐ എമ്മിന്റെ അമരക്കാരനായിരുന്നപ്പോഴാണ്.വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരടയാളപ്പെടുത്തലായിരുന്നു സുർജിത്തിന്റെ പോരാട്ടം. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തെ മുൻകൂട്ടി കാണാൻ കഴിഞ്ഞതാണ് ഹർകിഷൻ സിങ് സുർജിത്ത് എന്ന നിലപാടുകളുടെ രാഷ്ട്രീയക്കാരനെ ഇന്നും പ്രസക്തനാക്കുന്നത്.സുർജിത്തിന്റെ വഴികളെ പിന്തുടർന്ന് സംഘപരിവാറിനെതിരെ ഇന്ത്യ സഖ്യത്തിനും ഉജ്ജ്വലമായ കർഷക സമരങ്ങൾക്കും ഒരു ജനത പിന്നീട് സാക്ഷിയായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അടിയന്തരാവസ്ഥയ്ക്കും ഖലിസ്ഥാൻ തീവ്രവാദത്തിനും ഒടുവിൽ സംഘപരിവാർ ഭീകരതയ്ക്കും എതിരെ ഏഴര പതിറ്റാണ്ട് കാലം അദ്ദേഹം രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തി. ഹർകിഷൻ സിങ് സുർജിത്ത് എന്ന ധീരനായ വിപ്ലവകാരി, വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അമരസ്മരണയായി നിലനിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം നമുക്ക് എന്നും കരുത്തും ഊർജവും പകരും
.
Post a Comment