മേഘാലയ നിയമസഭയിൽ വട്ടപ്പൂജ്യമായി കോൺഗ്രസ്. 60 അംഗ നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ റോണി വി. ലിങ്‌ഡോ തന്റെ പാർട്ടി വിട്ട് ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ (എൻപിപി) ചേർന്നു. എൻഡിഎ മുന്നണിയിലെ അംഗമാണ് എൻപിപി. ആകെയുണ്ടായിരുന്ന എംഎൽഎ മറുകണ്ടം ചാടിയതോടെ, 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന് സഭയിൽ ഇനി സാന്നിധ്യമുണ്ടാകില്ല. എംഎൽഎയുടെ രാജി സംസ്ഥാന നിയമസഭാ സ്പീക്കർ തോമസ് എ. സാങ്മ സ്ഥിരീകരിച്ചു.
“ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തിന്‍റെ രാജിയും എൻപിപിയിൽ ലയിക്കാനുള്ള ആഗ്രഹവും സാധുവാണ്. അതിനാൽ അടിയന്തര പ്രാബല്യത്തോടെ അദ്ദേഹത്തെ എൻപിപി അംഗമാക്കിയിരിക്കുന്നു” – ലിങ്ദോയുടെ രാജിക്കത്ത് സ്വീകരിച്ചു കൊണ്ട് സ്പീക്കർ പറഞ്ഞു.
1972-ൽ വടക്കുകിഴക്കൻ സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഏറ്റവും കൂടുതൽ സർക്കാരുകൾ രൂപീകരിച്ച പാർട്ടിക്കാണ് ഇപ്പോൾ സഭയിൽ സീറ്റുകളുടെ എണ്ണം വട്ടപ്പൂജ്യമായത്. ഇതോടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാരില്ലാത്ത മൂന്നാമത്തെ സംസ്ഥാനമായി മേഘാലയ മാറി.
തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻപിപി അധികാരത്തിൽ വന്നത്. ആ തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന്റെ അംഗബലം സഭയിലെ 21 ൽ നിന്ന് അഞ്ചായി കുറഞ്ഞിരുന്നു. ഒരാൾ ലോക്‌സഭയിലേക്ക് പോവുകയും മറ്റ് മൂന്ന് പേർ എൻപിപിയിലേക്ക് മുമ്പേ തന്നെ ചേരുകയും ചെയ്തതോടെ ലിങ്‌ദോ സഭയിൽ ഒറ്റക്കായിരുന്നു.
‘മൈലിയത്തിലെ (അദ്ദേഹത്തിന്റെ മണ്ഡലം) ജനങ്ങൾക്ക് ഇതായിരുന്നു താത്പര്യം’ – എന്നാണ് എൻപിപിയിൽ ചേരാനുള്ള തന്‍റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് ലിങ്‌ഡോ പറഞ്ഞത്. ലിങ്‌ദോ കൂടി എത്തിയതോടെ എൻപിപി എംഎൽഎമാരുടെ എണ്ണം ഇപ്പോൾ 33 ആയി. ഇതോടെ 60 അംഗ സഭയിൽ എൻപിപി ഇപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.
Post a Comment