വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപം ചെമ്പകപ്പള്ളില്‍ വീട്ടില്‍ പരേതനായ വിമുക്തഭടന്‍ സെയ്തുമുഹമ്മദിന്റെ മകള്‍ റംലത്തി (60) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായര്‍ വൈകിട്ട് 4.30 ഓടെയാണ് മരണ വിവരം പുറത്തറിയുന്നത്്. ഇവരുടെ പെന്‍ഷന്‍ കാര്യത്തിനായി തോട്ടപ്പള്ളി മുസ്ലീം ജമാ അത്തില്‍ നിന്നുള്ള ജീവനക്കാരന്‍ അബൂബക്കര്‍ രാവിലെ 10 ഓടെ എത്തിയെങ്കിലും വീട് അടച്ചിട്ടിരുന്നതിനാല്‍ തിരികെ പോയി. വൈകിട്ട് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ ഇവരെ അന്വഷിച്ചെത്തിയെങ്കിലും മുന്‍ വാതില്‍ അടഞ്ഞുകിടന്നു. തുടര്‍ന്ന് വീടിന്റെ പിൻ ഭാഗത്തെത്തിയപ്പോള്‍ അടുക്കളവാതില്‍ തകര്‍ത്ത നിലയിലായിരുന്നു. പിന്നീട് അകത്തു കയറി നോക്കിയപ്പോഴാണ് കിടപ്പ് മുറിയിലെ കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപവും അടുക്കളയിലും മുളക് പൊടി വിതറിയിരുന്നു. മാലയും കമ്മലും നഷ്ടപ്പെട്ടതായും പറയുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപവാസിയുടെ വീട്ടില്‍ സഹായിയായി നിന്നു കിട്ടുന്നവരുമാനവും സെയ്തുമുഹമ്മദിന്റെ പെന്‍ഷനും കൊണ്ടാണ് കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി 11 ന് സമീപവാസികള്‍ ഇവരെ വീട്ടില്‍ കണ്ടിരുന്നു. 11.45 ഓടെ വീട്ടിലെ ലൈറ്റുകള്‍ ഓഫായതും സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വൈദ്യുതി മീറ്ററിന് സമീപത്തു നിന്നും വിട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച നിലയിലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ ഡിവൈഎസ്പി മാരായ കെ എന്‍ രാജേഷ്, എം കെ രാജേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജു വി നായര്‍, അമ്പലപ്പുഴ പുന്നപ്ര സി ഐ മാരായ എം പ്രതീഷ് കുമാര്‍, മഞ്ചുനാഥ്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വഷണ സംഘം എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ രാത്രിയോടെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വഭാവികമരണത്തിന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു. സംഭവം കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതന്ന് പൊലീസ് പറഞ്ഞു.
Post a Comment