മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനം ബാലരാമപുരത്ത് നടന്നു. അയിലം ഉണ്ണികൃഷ്ണൻ നഗറിൽ നടന്ന സമ്മേളനത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ ഒത്തുകൂടി.
വിളംബരജാഥ, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം , സമാദരണം, കലാസംഗമം എന്നിവയോട് കൂടിയായിരുന്നു ‘നന്മ’യുടെ ഏഴാം സമ്മേളനത്തിന് കൊടിയേറിയത്.
നന്മ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, കാഥികനും ആയിരുന്ന ഐലം ഉണ്ണികൃഷ്ണൻ്റെ സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച വിളംബര കലാജാഥ മാനവിയം വീഥി, കാട്ടാക്കട ,വെള്ളറട , പാറശ്ശാല, നെയ്യാറ്റിൻകര തുടങ്ങിയ മേഖലകളിലൂടെ കടന്നായിരുന്നു സമ്മേളന നഗരിയിൽ എത്തിയത്.
കാര്യവട്ടം ശ്രീകുമാരൻ നായരുടെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം നന്മ സംസ്ഥാന പ്രസിഡൻറ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വിൽസൺ സാമുവേൽ, സുനിൽ പട്ടിമറ്റം, ചലച്ചിത്ര താരം രമാദേവി, ജില്ലാ ട്രഷറർ കെ. എസ് ദാസ്, ശോഭന ബാലരാമപുരം, ബാലരാമപുരം ജോയ്, മനോജ് നെയ്യാറ്റിൻകര, തുടങ്ങിയവർ സംസാരിച്ചു.
പൊതു സമ്മേളനം ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി മോഹനന്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കവി വിനോദ് വൈശാഖിക്ക് ബിയാട്രിക്സ് ഗോമസ് പുരസ്കാരം നൽകി ആദരിച്ചു. കരിക്കകം ശ്രീകുമാർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര പ്രവർത്തകൻ പാറശ്ശാല വിജയൻ, പ്രൊഫസർ രമാദേവി തുടങ്ങിയവർ സംസാരിച്ചു. ആഗസ്റ്റ് 15,16 ,17 തീയതികളിൽ എറണാകുളം പരവൂരിലാണ് നന്മയുടെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്.
.jpg)



Post a Comment