ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം: അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

 


ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപത്തായി മാധ്യമപ്രവര്‍ത്തകര്‍ കെട്ടിയ താത്ക്കാലിക ടെന്റില്‍ ആക്രമണമുണ്ടാകുകയും അഞ്ചുപേരും തത്ക്ഷണം കൊല്ലപ്പെടുകയുമായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കരുതിക്കൂട്ടി ആക്രമണമുണ്ടാകുകയായിരുന്നുവെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നും അല്‍ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. അനസ് അല്‍ ഷെരീഫിനെതിരെ ആക്രമണം നടന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരിക്കിലും മാധ്യമപ്രവര്‍ത്തകരെന്ന് ഐഡിഎഫ് ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. ഹമാസിന്റെ ടെററിസ്റ്റ് സെല്ലിന്റെ ഒരു തലവനെ വധിച്ചുവെന്ന് മാത്രമാണ് ഇസ്രയേല്‍ ആര്‍മി പറയുന്നത്.അല്‍ ഷിഫ ആശുപത്രിക്ക് സമീപം നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അംഗീകൃത സ്റ്റാഫുകള്‍ തന്നെയാണ് ഗസ്സ മുനമ്പില്‍ അവര്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മൊവാദ് അറിയിച്ചു. ഗസ്സ മുനമ്പില്‍ എന്താണ് നടക്കുന്നത് എന്ന് ലോകത്തെ കേള്‍പ്പിച്ച ഒരേയൊരു ശബ്ദത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും അവരുടെ ടെന്റിനെ കൃത്യമായി ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Post a Comment

Previous Post Next Post

AD01