ഇരിട്ടി: ഇരിട്ടിയിലെ സിനിമാ പ്രേമികൾക്ക് ആഹ്ളാദം പകർന്ന് 5 വർഷമായി അടഞ്ഞുകിടന്ന 4 ടാക്കീസുകളിൽ ഒന്ന് തുറന്നു. കീഴൂർ സബ് രജിസ്ട്രാർ ഓഫിസിനു സമീപത്തെ കല്പനാ തിയേറ്ററാണ് ആധുനിക സംവിധാനങ്ങളോടെ ഇന്ന് തുറന്നത്. കീഴൂർ സ്വദേശി ഇ. ജി. മോഹനന്റെ ഉടമസ്ഥതയിലുള്ള ടാക്കീസ് സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിം തിയ്യേറ്റർ ഗ്രൂപ്പ് ആണ് ഏറ്റെടുത്ത് നവീകരിച്ചിരിക്കുന്നത് . 2020 മാർച്ചിൽ കൊവിഡ് വ്യാപനത്തെത്തുർന്ന് ദേശീയതലത്തിൽ അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് ഇരിട്ടി മേഖലയിലെ തിയേറ്ററുകൾക്കൊപ്പം കല്പനാ ടാക്കീസും അടച്ചിട്ടത്. കല്പനയടക്കം നാല് ടാക്കീസുകൾ ഉണ്ടായിരുന്ന ഇരിട്ടിയിൽ ഇതിനു ശേഷം ഒന്നും തുറന്നില്ല. ഇരിട്ടിക്കു പുറത്ത് ആധുനിക സംവിധാനങ്ങളോടെ നിരവധി തിയേറ്ററുകൾ മോടികൂട്ടിയും പുതുതായും തുറന്നു പ്രവർത്തിച്ചെങ്കിലും ഇരിട്ടിയിലെ സിനിമാ പ്രേമികൾ നിരാശയിലായിരുന്നു. ഒരു സിനിമ കാണണമെങ്കിൽ 10 മുതൽ 40 കിലോമീറ്ററുകൾ വരെ സഞ്ചരിക്കേണ്ട അവസ്ഥ വന്നതോടെ പലരും പ്രിയ സിനിമകൾ പലതും വന്നു പോയിട്ടും കാണാനുള്ള മോഹം ഉള്ളിൽ ഒതുക്കി കഴിയുകയായിരുന്നു. ഇതിൽ നിന്നും ഒരു മോചനമാണ് ഇരിട്ടിയിലെ സിനിമാ പ്രേമികൾക്ക് മാജിക് ഫ്രെയിം തുറന്നതോടെ ഉണ്ടായിരിക്കുന്നത്. മാജിക് ഫ്രെയിം കൽപ്പന 1, മാജിക് ഫ്രെയിം കൽപ്പന 2 എന്നിങ്ങനെ രണ്ട് സ്ക്രീനുകളിലായാണ് തീയേറ്റർ കാണികൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. കൽപ്പന 1 ൽ ഡോൾബി അറ്റ്മാസ് ഡി ആർ കെ സംവിധാനത്തോടെ 230 സീറ്റുകളും കൽപ്പന 2ൽ 120 ഡോൾബി സംവിധാനത്തോടെയുള്ള 120 സീറ്റുകളുമാണ് ഉള്ളത്. ഇന്നലെ വൈകിട്ട് തിയേറ്ററിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ, ലിബർട്ടി ബഷീർ, സിനിമാതാരം മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് തിയേറ്റർ തുറന്നു കൊടുത്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി, തിയേറ്റർ ഉടമ ഇ.ജി. മോഹനൻ, ബാബുരാജ് പായം, , മഹിമാ നമ്പ്യാർ, ലിബർട്ടി ബഷീർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. തിയേറ്ററിൽ കാണികൾക്കായി പ്രദർശനം ആരംഭിച്ചു. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവം എന്ന സിനിമയാണ് ആദ്യം പ്രദർശിപ്പിച്ചത്.
Post a Comment