ഇൻഡ്യ സഖ്യത്തിന്‍റെ ശക്തിപ്രകടനമാകാന്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനം; അണിനിരക്കുക ലക്ഷങ്ങള്‍


പട്‌ന: ബിഹാറിനെ ഇളക്കിമറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കും. ഇൻഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 11ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ നിന്നും അംബേദ്കർ പാർക്കിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇൻഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നും ആരംഭിച്ച യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പട്‌നയിൽ എത്തുന്നത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര സംഘടിപ്പിച്ചത്. ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കൾ സ്വീകരിച്ചത്. യാത്രയിൽ പ്രിയങ്കാ ഗാന്ധി എംപി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ രാഹുലിനെ അനുഗമിച്ചിരുന്നു. ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര ഇൻഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ ഗുണം നൽകുമെന്നാണ് വിലയിരുത്തൽ.


Post a Comment

Previous Post Next Post

AD01