‘ചില രാജ്യങ്ങൾ ഭീകരതയ്ക്ക് പിന്തുണ നൽകുന്നു’; ഷാങ്ഹായി ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി


ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാജ്യങ്ങൾ ഭീകരതയ്ക്ക് തുറന്ന പിന്തുണ നൽകുകയാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ മോദി തുറന്നടിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവാദവൽക്കരണവും നേരിടുന്നതിന് എസ്‌സി‌ഒ-വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ചാബഹാർ തുറമുഖത്തെക്കുറിച്ചും അന്താരാഷ്ട്ര വടക്ക്-പടിഞ്ഞാറൻ ഗതാഗത ഇടനാഴിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കണക്റ്റിവിറ്റി പദ്ധതികൾ പരമാധികാരത്തെ മാനിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പരമാധികാരത്തെ മറികടക്കുന്ന കണക്റ്റിവിറ്റി വിശ്വാസവും അർത്ഥവും നഷ്ടപ്പെടുത്തുന്നുവെന്നും ഐക്യരാഷ്ട്രസഭയിൽ പരിഷ്കാരങ്ങൾ വേണമെന്ന് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായി നരേന്ദ്ര മോദിയും, ഷി ജിൻപിങും, വ്ലാദിമിർ പുടിനും ഹ്രസ്വ ചർച്ച നടത്തി. അമേരിക്കയുടെ താരിഫ് യുദ്ധത്തിനിടെ നടക്കുന്ന ഉച്ചകോടിയെ ഏറെ ആകാംക്ഷയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.



Post a Comment

Previous Post Next Post

AD01