രാമക്കല്‍മേട് ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുളള കുത്തുങ്കല്‍-നെടുങ്കണ്ടം 110 കെവി വൈദ്യുത ലൈനിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശ് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കെഎസ്ഇബി അധികൃതരുമായും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വൈദ്യുത ലൈനിന്റെ അലൈന്‍മെന്റ് സംബന്ധിച്ച സര്‍വേ തുടരാനും എന്നാല്‍ സ്ഥലമുടകള്‍ക്ക് നോട്ടീസ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ ധാരണയായി. അലൈന്‍മെന്റ് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സ്ഥലമുടകള്‍ക്ക് കൈമാറും.
സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. പട്ടയമില്ലാത്തവരുടെയും എന്നാല്‍ പട്ടയത്തിന് അര്‍ഹതയുള്ളതുമായ ഭൂമിക്ക് പട്ടയമുള്ള ഭൂമിയുടേതിന് സമാനമായ രീതിയില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ശ്രമിക്കും. കെഎസ്ഇബി നടത്തുന്ന സര്‍വേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ഏതെല്ലാം സ്ഥലങ്ങളിലൂടെയാണ് ലൈന്‍ കടന്നു പോകുന്നതെന്നതു സംബന്ധിച്ച സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇത്തരത്തില്‍ മുന്‍പ് നടത്തിയ സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഡീന്‍ കുര്യാക്കോസ് എംപി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ശ്രീകുമാര്‍, കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് എറണാകുളം ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ഹരികുമാര്‍, കോട്ടയം ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സീന ജോര്‍ജ്, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
.jpg)



Post a Comment