രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ പിടിമുറുക്കി കേരളം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ പഞ്ചാബ് ആറ് വിക്കറ്റിന് 240 റണ്‍സെന്ന നിലയിലാണ്. നില്ക്കുന്ന ഓപ്പണറായി ഇറങ്ങിയ ഹര്‍ണൂര്‍ സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സെഞ്ച്വറി നേടി പുറത്താകാതെ ഹര്‍ണൂര്‍ സിങ്ങ് കളത്തില്‍ പിടിച്ചുനിന്നു. കഴിഞ്ഞ മത്സരത്തിന്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. സഞ്ജു സാംസനും ഏദന്‍ ആപ്പിള്‍ ടോമിനും പകരം വത്സല്‍ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ താരം പ്രഭ്‌സിമ്രാന്‍ സിങ്ങും യുവതാരം ഹര്‍നൂര്‍ സിങ്ങും ചേര്‍ന്നായിരുന്നു പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് തുറന്നത്. പ്രഭ്‌സിമ്രാന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ ബാബ അപരാജിത് ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഉദയ് സഹാരനും ഹര്‍നൂറും ചേര്‍ന്ന് അതീവശ്രദ്ധയോടെയാണ് ഇന്നിങ്‌സ് മുന്നോട്ട് നീക്കിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 107 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്.
സ്‌കോര്‍ 138ല്‍ നില്‍ക്കെ ഉദയ് സഹാരനെ പുറത്താക്കി അങ്കിത് ശര്‍മ്മ കൂട്ടുകെട്ടിന് അവസാനമിട്ടു. 37 റണ്‍സെടുത്ത ഉദയ് ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുന്‍പ് ഒരോവറില്‍ ഇരട്ട പ്രഹരമേല്‍പിച്ച് എന്‍ പി ബേസില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കി. അന്‍മോല്‍പ്രീത് സിങ്ങും ക്യാപ്റ്റന്‍ നമന്‍ ധീറും ഓരോ റണ്‍ വീതമെടുത്ത് മടങ്ങി. ഇരുവരും ബേസിലിന്റെ പന്തില്‍ അസറുദ്ദീന്‍ ക്യാ ച്ചെടുത്താണ് പുറത്തായത്. ആറ് റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങിനെ അങ്കിത് ശര്‍മ്മയും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 162 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്.
എന്നാല്‍ ഹര്‍നൂര്‍ സിങ്ങും സലില്‍ അറോറയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കളിയവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് 36 റണ്‍സെടുത്ത സലില്‍ അറോറയെ ബാബ അപരാജിത് എല്‍ബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. കളി നിര്‍ത്തുമ്പോള്‍ ഹര്‍നൂര്‍ സിങ് 126 റണ്‍സോടെയും കൃഷ് ഭഗത് രണ്ട് റണ്‍സോടെയും ക്രീസിലുണ്ട്. രഞ്ജി ട്രോഫിയില്‍ ഹര്‍നൂറിന്റെ ആദ്യ സെഞ്ച്വറിയാണിത്. 11 ബൌണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഹര്‍നൂറിന്റെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി എന്‍ പി ബേസിലും അങ്കിത് ശര്‍മ്മയും ബാബ അപരാജിത്തും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
.jpg)




Post a Comment