‘പ്രതിപക്ഷം ആണെന്ന് പറഞ്ഞ് നാടിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ എതിർക്കണോ? നല്ല കാര്യങ്ങൾ നടന്നാൽ അംഗീകരിക്കാൻ തയ്യാറാകണം’; മുഖ്യമന്ത്രി


കോഴിക്കോട് കല്ലുത്താൻകടവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്.

നാടിന് ഗുണമുള്ള പദ്ധതികൾ യാഥാർഥ്യമായാൽ അവ അംഗീകരിക്കാൻ തയ്യാറാകണമെന്നും മാർക്കറ്റ് എന്നുപറയുന്നത് എല്ലാവർക്കും ഗുണകരമായ ഒരു പദ്ധതിയാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പാളയത്ത് മാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം ആണെന്ന് പറഞ്ഞ് നാടിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ എതിർക്കാണോ എന്നും കേരളത്തിന്റെ എല്ലാ വികസനത്തെയും എതിർക്കുന്നവരാണോ പ്രതിപക്ഷമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കൺമുൻപിലുള്ള കേരളത്തിന്റെ നേട്ടം കണ്ടില്ലെന്ന് നടിക്കുകയാണിവർ. ഞങ്ങൾ ഈ പദ്ധതിയിൽ ഇല്ല എന്ന് ചിലർ ആദ്യമേ പറഞ്ഞു. നാടിന് ഗുണമുള്ള പദ്ധതിയാണ് എങ്കിൽ അത് അംഗീകരിക്കണം. എന്തിനാണ് നാടിൻ്റെ നല്ല കാര്യത്തെ അംഗീകരിക്കാത്തെ തള്ളികളയുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ കക്ഷി അടിസ്ഥാനത്തിൽ പാർട്ടികൾ മത്സരിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ജയിച്ചവരും തോറ്റവരും ഒന്നിച്ച് നിൽക്കണം. നല്ല കാര്യങ്ങൾ നടക്കുമ്പോൾ പ്രതിപക്ഷം പിന്തുണ നൽകേണ്ടെ. എന്നാൽ അടുത്ത കാലത്ത് പ്രതിപക്ഷത്തിന് എല്ലാ കാര്യത്തിലും എതിർപ്പ് മാത്രം ആണ്. ബഹുജനങ്ങൾ കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നും വികസനത്തിൻ്റെ പേരിൽ ആരും പെരുവഴിയിൽ ആവില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കല്ലുത്താൻ കടവിൽ ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പി പി പി മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണിത്. 100 കോടി രൂപ ചെലവിൽ BOT വ്യവസ്ഥയിലാണ് നിർമ്മാണം. 27 കോടിയോളം രൂപ ചെലവഴിച്ച് കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.



Post a Comment

Previous Post Next Post

AD01