ജനകേന്ദ്രീകൃത വികസന മാതൃക കൊണ്ട് ലോകശ്രദ്ധ നേടി കേരളം: കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ



കുറഞ്ഞ റവന്യൂ വരുമാനമുള്ള സംസ്ഥാനമായിട്ടും ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ലഘൂകരിച്ചുകൊണ്ട് മനുഷ്യത്വപൂര്‍ണമായ ജീവിതം സാധ്യമാക്കുന്ന ഒരിടമാണ് കേരളമെന്ന് കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ പറഞ്ഞു. കൂടാളി പഞ്ചായത്തിന്റെ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാനം എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മാതൃകയാണെന്നും എം എല്‍ എ പറഞ്ഞു. പഞ്ചായത്തിന്റെ വികസനരേഖ എം എല്‍ എ പ്രകാശനം ചെയ്തു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അധ്യക്ഷയായി. സംസ്ഥാനത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും വികസന റിപ്പോര്‍ട്ടും എല്‍ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഉമേഷ് ബാബു അവതരിപ്പിച്ചു. കൂടാളി പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച വീഡിയോയും വികസന റിപ്പോര്‍ട്ടും പഞ്ചായത്ത് സെക്രട്ടറി കെ.പി സുധീര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. സദസിനോടനുബന്ധിച്ച് ഒരുക്കിയ തൊഴില്‍മേള, കര്‍ഷക ചന്ത, കുടുംബശ്രീ വിപണന മേള, പോഷകാഹാര മേള, കെ സ്മാര്‍ട്ട് ക്ലിനിക് എന്നിവയില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. 


ആഘോഷമാക്കി കൂടാളി പഞ്ചായത്ത്‌ വികസന സദസ്

കൂടാളി ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. സദസിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള വിവിധ സ്റ്റാളുകളില്‍ തൊഴില്‍മേള, കര്‍ഷക ചന്ത, കുടുംബശ്രീ വിപണന മേള,പോഷകാഹാര മേള, കെ-സ്മാര്‍ട്ട് ക്ലിനിക് എന്നിവയ്ക്ക് വൻ ജനപങ്കാളിത്തം ഉണ്ടായി.പ്രദേശിക തൊഴിൽ അവസരങ്ങളിലേക്ക് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് തലത്തിലുള്ള വിപുലമായ തൊഴിൽ മേളയാണ് വികസന സദസിനോടനുബന്ധിച്ച് നടത്തിയത്. അറുപത്തഞ്ചോളം തൊഴിൽദാതാക്കൾ പങ്കെടുത്ത തൊഴിൽമേളയിൽ നൂറ്ററുപതോളം പേർ രജിസ്റ്റർ ചെയ്തിരുന്നു.കർഷക ചന്തയിൽ പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച കാർഷിക വിളകളും, വിദേശ ഇനം പഴങ്ങളുടെയും നാടൻ പച്ചക്കറി തൈകളും, ജില്ലയിലെ ആദ്യ ഉൽപ്പന്നമായ ഇരിട്ടി ബ്ലോക്കിൽ നിർമ്മിച്ച മുരിങ്ങപ്പൊടി,സമ്പുഷ്ടീകരിച്ച ജൈവ വളം കാർഷിക ഉൽപന്നങ്ങളുടെയും, കുടുംബശ്രീ പ്രവർത്തകരും ബെഡ് കോൾ കുട്ടികളും നിർമ്മിച്ച വിവിധ ഇനം കരകൗശല വസ്തുക്കളുടെ വിപണിയും, പഞ്ചായത്തിലെ ആശാവർക്കർമാരുടെ നേതൃത്വത്തിൽ പോഷകസമ്പുഷ്ടമായ ആഹാരം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിഭവങ്ങളുടെ പ്രദർശനവും വികസന സദസിന്റെ ഭാഗമായി ഒരുക്കിയിരുന്നു.പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പഞ്ചായത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കെ സ്മാർട്ട് ക്ലിനിക്കും സജ്ജമാക്കിയിരുന്നു. 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പത്മനാഭന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രതീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.പി നൗഫല്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജശ്രീ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വസന്ത ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി മനോഹരന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി ശ്രീകല ടീച്ചര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.വി ഷംന, കെ ദിവാകരന്‍ ഇ.സജീവന്‍, മഹേഷ് കക്കത്ത്, കെ.എം വിജയന്‍ മാസ്റ്റര്‍, കെ.വി പുരുഷോത്തമന്‍, മുസ്തഫ അലി എന്നിവര്‍ സംസാരിച്ചു.

സമഗ്ര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ഓപ്പണ്‍ ഫോറം

പഞ്ചായത്തിന്റെ വിവിധ വികസന മേഖലകളില്‍ നിന്നുള്ള പ്രശ്നങ്ങളും സാധ്യതകളും ഓപ്പണ്‍ ഫോറം ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലം, ഹോസ്റ്റല്‍ സൗകര്യമുള്ള സ്പോര്‍ട്സ് അക്കാദമികള്‍,

 വായനശാലകളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യം, വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വയോജന പാര്‍ക്ക്, ആവശ്യമായ ഇടങ്ങളില്‍ ബസ് സ്റ്റോപ്പ് സൗകര്യം, പൊതുവിടങ്ങളിലും റോഡരികിലുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ഹരിതകര്‍മ സേനയ്ക്ക് പുറമെ കൂടുതല്‍ ആള്‍ക്കാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമായി.



Post a Comment

Previous Post Next Post

AD01