മലയാളത്തെയും കേരളീയ സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് പ്രവാസികള്‍: മുഖ്യമന്ത്രി


കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വന്‍ വികസനം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ അദ്ദേഹം നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഗള്‍ഫ് പര്യടനത്തിന് തുടക്കമിട്ട് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016-2021 ഘട്ടത്തില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ തുടര്‍ ഭരണത്തിലൂടെ സാധിച്ചു. തുടര്‍ഭരണത്തിന്റെ പ്രത്യേകത നേടിയ പുരോഗതി സംരക്ഷിക്കാനായി എന്നതും കൂടുതല്‍ വികസനത്തിലേക്കു പോകാന്‍ കഴിഞ്ഞു എന്നതുമാണ്. ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെക്കുറിച്ച് വലിയതോതില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകള്‍ പലതും ഉണ്ടാകാറുണ്ട്. ഇത് യഥാര്‍ത്ഥ വസ്തുതയുമായി പൊരുത്തപ്പെടുന്നതല്ല. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം 2016 നേക്കാള്‍ ഇരട്ടിയിലധികമായി. നമ്മുടെ തനത് വരുമാനം 87,000 കോടിയായി വര്‍ധിച്ചു. കേരളത്തിന്റെ സമ്പദ് രംഗത്തെ പുരോഗതിയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന് ചെലവിടേണ്ടിവന്ന തുകയില്‍ 70 ശതമാനം സംസ്ഥാനമാണ് നല്‍കിയത്. ഇതിന് കഴിയുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വര്‍ധിച്ചത് കൊണ്ടാണ്. കേരളം പൊതുകടം കുറച്ചുകൊണ്ടുവരുന്നു എന്നതാണ് സിഐജി റിപ്പോര്‍ട്ട് പറയുന്നത്. 2026 ആകുമ്പോഴേക്കും കെ ഡിസ്‌ക് സഹായത്തോടെ രണ്ട് ലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവാസി സംരഭകര്‍ സഹകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാട് ഇന്ന് രാജ്യത്തെ ഏറ്റവും വികസനം പുലര്‍ത്തുന്ന നാടായി മാറ്റിയെടുക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വലിയ തോതില്‍ അഭിവൃദ്ധി ഉണ്ടാക്കിയത് ഭൂപരിഷ്‌കരണവും പ്രവാസ ജീവിതവുമാണ്. അതില്‍ തന്നെ വലിയതോതിലുള്ള ഗള്‍ഫ് കുടിയേറ്റവും അതിന്റെ ഭാഗമായുണ്ടായ സാമ്പത്തിക മുന്നേറ്റവും കേരളത്തെ മാറ്റി തീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഘടകങ്ങളാണ്.

സംസ്ഥാന രൂപീകരണശേഷം അധികാരമേറിയ ഇഎംഎസ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണത്തിന് തുടക്കമിട്ടത്. ആ ഗവണ്‍മെന്റാണ് അധികാരത്തിലേറി നാലുദിവസം കഴിഞ്ഞപ്പോള്‍ കുടിയിറക്കല്‍ നിരോധിത ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജനങ്ങളെ ശത്രുക്കളായി കാണുന്ന ബ്രിട്ടീഷ് പൊലിസ് സംവിധാനത്തിന് രാജ്യത്താദ്യമായ മാറ്റം കൊണ്ടുവന്നതും ഇഎംഎസ് സര്‍ക്കാരാണ്. സാര്‍വത്രിക വിദ്യാഭ്യാസത്തിന് അനുഗുണമായ വിദ്യാഭ്യാസ നടപടികളും ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ രംഗത്ത് മാറ്റവും മുന്നേറ്റവും നമ്മുടെ നാടിനെ വലിയതോതില്‍ പുരോഗതിയിലേക്ക് നയിച്ചു. ആ പുരോഗതിയുടെ ഒരു ഘടകം നമ്മുടെ പ്രവാസ ജീവിതത്തിലും കാണാം. പ്രവാസ ജീവിതത്തില്‍ കാലാനൃസൃതമായ മാറ്റങ്ങള്‍ വന്നതായി കാണാന്‍ കഴിയും. അത് വിദ്യാഭ്യാസം നേടിയ പുതിയ തമലമുറ പ്രവാസ ജീവിതത്തിലേക്ക് കടന്നുവന്നു എന്നതാണ്. അങ്ങിനെ നാടിന് വലിയ മാറ്റംവന്നു. അതിന്റെ ഭാഗമായാണ് രാജ്യവും ലോകവും നമുക്ക് കേരള മോഡല്‍ എന്ന പേരുതന്നെ സമ്മാനിച്ചത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാട് നേരിടുന്ന ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ കടുത്ത നിരാശ ഉണ്ടാക്കിയിരുന്നു. പലരും ചിന്തിച്ചത് ഇനി കേരളത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ്. നമ്മുടെ നാട്ടില്‍ നടപ്പാക്കേണ്ട പല പദ്ധതികളും നടക്കാതെ വന്നപ്പോഴാണത്. നാഷണല്‍ ഹൈവേയും ഗെയില്‍ പൈപ്പ്‌ലൈനും ഇടമണ്‍ പവര്‍ ഗ്രിഡുമൊക്കെ ഇതിന് ഉദാഹരണമാണ്. ഇതെല്ലാം നിലച്ച പലരും ഓഫീസ് പൂട്ടിപ്പോയി. ഇതെല്ലാം കൊണ്ട് ഇവിടെ ഒന്നും നടക്കില്ലെന്ന മാനസികാവസ്ഥയിലായിരുന്നു ജനം. ആ ഘട്ടത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിരാശ മാറി പ്രത്യാശ ആളുകളില്‍ വന്നു. എന്റെ നാട്ടിലും കാര്യങ്ങള്‍ നടക്കും എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി. ഇതിന് ഇടയാക്കിയത് മുടങ്ങിയ ഈ ദ്ധതികള്‍ക്ക് എല്ലാം ജീവന്‍ വെച്ചപ്പോഴാണ്. അതിന് നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. കൃത്യസമയത്ത് ദേശീയ പാതാവികസനത്തിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കാത്തത് കാരണം നമുക്ക് പിഴ കൊടുക്കേണ്ടി വന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയില്‍ 25 ശതമാനം കേരളം കൊടുക്കണം എന്ന നിബന്ധനയിലാണ് പണി തുടങ്ങിയത്. 5600 കോടി രൂപ ആ ഇനത്തില്‍ കേരളം കേന്ദ്രത്തിന് കൊടുത്തു. ഹൈവേയുടെ നല്ലൊരു ഭാഗം ഈ ഡിസംബറില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയായ ഭാഗം ജനുവരിയില്‍ അത് ഉദ്ഘാടനം ചെയ്യും. എല്ലാ ഭാഗവും അടുത്ത ഫെബ്രുവരിയില്‍ പൂര്‍ത്തിയാകണം എന്ന നിര്‍ദേശം കേന്ദ്ര മന്ത്രി ഹൈവേ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഗെയില്‍ പൈപ്പ് ലൈനും ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങി.

സര്‍ക്കാര്‍ എന്നത് നാടിന്റെ വികസനത്തിനാണ്. വികസനത്തിന് തടസ്സം നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കല്‍ അല്ല, ആ തടസ്സം തട്ടിമാറ്റി നാടിന്റെ വികസനം ഉറപ്പുവരുത്തേണ്ട ബാധ്യത ഏത് സര്‍ക്കാരിനായാലും ഉണ്ട്. ആ ബാധ്യത നിറവേറ്റാനാണ് ഞങ്ങള്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നടപ്പായ കാര്യങ്ങള്‍ പരിശോധിച്ച് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി. 2021ല്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ആകെ 600 വാഗ്ധാനങ്ങളില്‍ 580 വാഗ്ധാനങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ പ്രചാരണങ്ങളും അവഗണിച്ച് ജനം കേരളത്തിന്റെ ചരിത്രം തിരുത്തി ഒരു സര്‍ക്കാരിന് തുടര്‍ഭരണം നല്‍കി ആ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് അതിന് കാരണം.
കിഫ്ബിയിലൂടെ കേരളത്തിന്റെ വികസനത്തിനാവശ്യമായ 62,000 കോടിരൂപയുടെ പാശ്ചാത്തല സൗകര്യങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടു വന്നു. ഇന്നത് 90,000 കോടി രൂപയില്‍ എത്തിനില്‍ക്കുന്നുവെന്ന്് മുഖ്യമന്ത്രി പറഞ്ഞു. ഈ വികസന കുതിപ്പുകള്‍ വിവിധ മേഖലകളില്‍ കാണാന്‍ കഴിയും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച സ്‌കൂളുകള്‍ നവീകരിച്ച് പൊതുവിദ്യാഭ്യാസ മേഖല കരുത്തുറ്റതാക്കി. അക്കാദമിക് നിലവാരം ഉയര്‍ത്തി. അഞ്ച് ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയ സ്ഥാനത്ത് പത്തുലക്ഷം കുട്ടികള്‍ പുതുതായി വന്നു. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ വലിയ വികസനം കൊണ്ടുവന്നു. 2016 ല്‍ ആരോഗ്യ മേഖലക്ക് നീക്കിവെച്ചത് 665 കോടിരൂപയായിരുന്നു. ഇന്ന് അത് 3000 കോടിരൂപയാണ്. ഈ മാറ്റം കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കാണാം കഴിയും. കോവിഡിനെതിരെയുള്ള നമ്മുടെ ചെറുത്ത് നില്‍പ്പ് ലോകവും രാജ്യവും ശ്രദ്ധിച്ചു. നമ്മള്‍ ഒരുക്കിയ സൗകര്യങ്ങള്‍ കോവിഡിന് മറികടക്കാനായില്ല. ഏറ്റവും സമ്പല്‍ സമദ്ധമെന്ന ഇടം പോലും വെന്റിലേറ്റര്‍ ക്ഷാമം നേരിട്ടപ്പോള്‍ നമ്മുടെ കേരളത്തില്‍ വെന്റിലേറ്ററുകള്‍ക്കോ ഓക്‌സിജനോ ക്ഷാമം ഉണ്ടായില്ല. ആര്‍ദ്രം മിഷനിലൂടെ വന്ന മാറ്റമാണിത്. ശിശുമരണ നിരക്കില്‍ നമ്മള്‍ അമേരിക്കയേയും മറികടന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയ നാടാടയി നമ്മുടെ നാട് മാറി.
കെഫോണ്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. കൊച്ചി മെട്രോ പല സംസ്ഥാനങ്ങളും വിദേശ രാഷ്ട്രങ്ങളും പകര്‍ത്തുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴസിറ്റിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ലൈഫ് മിഷനില്‍ ഇതുവരെ 4,68436 വീടുകള്‍ നല്‍കി. ബാക്കി വീടുകള്‍ സമയബന്ധിതമായി നല്‍കും. 40986 പട്ടയങ്ങള്‍ നല്‍കി.

ഉന്നത വിദ്യാഭ്യസ മേഖലയിലും വ്യവസായമേഖലയിലും എല്ലാം അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ഇടപെടലാണ് നടത്തുന്നത്. ഐടി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ഐടി കയറ്റുമതി 90,000 കോടി രൂപയുടേതായി മാറുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പിന്റെ പറുദീസയായാണ് കേരളത്തെ കണക്കാക്കുന്ന്. 2016ല്‍ 300 സ്റ്റാര്‍ട്ട്അപ് എന്നത് ഇപ്പോള്‍ ആറായിരമായി. ആറായിരം കോടിയുടെ പുതിയ നിക്ഷേപം വന്നു. ഒരു വര്‍ഷം കൊണ്ട് പതിനായിരം സ്റ്റാര്‍ട്ട് അപ്പും 15000 തൊഴില്‍ അവസരവും എന്ന നിലയില്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 12 ശതമാനം എന്ന വ്യവസായ വളര്‍ച്ച ഇന്ന് 17 ശതമാനമായി. മാനുഫാക്ചറിംഗ് രംഗത്ത് വളര്‍ച്ച 14 ശതമാനമായി വര്‍ധിച്ചു. സംരഭങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി സഹോരങ്ങള്‍ ഇക്കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തെയും കേരളീയ സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല സംഭാവനകളാലും ബഹ്‌റൈന്‍ പ്രവാസികള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. 60 രാജ്യങ്ങളിലും 22 ഇന്ത്യന്‍ സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ 85,000 ലധികം പേര്‍ മലയാളം പഠിക്കുന്നു.

ലോക കേരള സഭയും മലയാളം മിഷനും ബഹ്‌റൈന്‍ കേരളീയ സമാജവും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം സംഘടിപ്പിച്ചത്.
സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, സാംസ്‌കാരിക, ഫിഷറീസ്, മന്ത്രി സജി ചെറിയാന്‍, പ്രവാസി വ്യവസായി എംഎ യൂസഫ് അലി, ചീഫ് സെക്രട്ടറി എ ജയാതിലക് എന്നിവര്‍ വിശിഷ്ടാതിഥികളായി. സ്വാഗതസംഘം ചെയര്‍മാനും സമാജം പ്രസിഡന്റുമായ രാധാകൃഷ്ണപിള്ള അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത് സ്വാഗതവും സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01