ആരാധകരെ ശാന്തരായിക്കോളൂ; റൊണാൾഡോ ഇന്ത്യയിലേക്കില്ല


ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന എഫ്‌സി ഗോവ – അൽ നസ്ര് പോരാട്ടത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. ഇതോടെ ഇന്ത്യയിലേക്കുള്ള റൊണാള്‍ഡോയുടെ വരവും ഉണ്ടാവില്ലെന്ന് ആണ് റിപ്പോർട്ട്. ഈ ബുധനാഴ്ച ഫാറ്റോർഡയിലെ മർഗാവോ സ്റ്റേഡിയത്തിൽ വെച്ചാണ് അൽ നസ്രുമായുള്ള എഫ്‌സി ഗോവയുടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ്പ് ഡിയിലെ മൂന്നാം മത്സരം നടക്കുന്നത്.

റൊണാൾഡോ ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് സൗദി അറേബ്യൻ മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഫ്‌സി ഗോവ പലതവണ ആവശ്യപ്പെട്ടിട്ടും താരം യാത്ര ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം സാദിയോ മാനെ, കോമൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ താരങ്ങൾ അൽ നസ്റിനായി ഇന്ത്യയിലെത്തുന്നുണ്ട്.

2026 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി റൊണാൾഡോ തന്റെ ജോലിഭാരം (workload) നിയന്ത്രിക്കുന്നതിനാലാണ് യാത്ര ഒഴിവാക്കുന്നത്. ഈ ടൂർണമെന്റിലെ അൽ നസ്ര്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും റൊണാൾഡോ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അതേസമയം, നേരത്തെ താരം മത്സരത്തിനായി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

റൊണാൾഡോ മത്സരത്തിൽ പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എങ്കിലും, പ്രോട്ടോക്കോളിന്റെ ഭാഗമായി സന്ദർശക ക്ലബ്ബ് വിസ അപേക്ഷകൾക്കായി അയച്ച 28 കളിക്കാരുടെ സ്ക്വാഡ് ലിസ്റ്റിൽ റൊണാൾഡോയുടെ അപേക്ഷയും ഉൾപ്പെടുത്തിയിരുന്നു എന്ന് എഫ്‌സി ഗോവ സിഇഒ രവി പുസ്‌കുർ പറഞ്ഞു. എഫ്സി ഗോവക്കെതിരായ മത്സരത്തിന്‌ മുന്നോടിയായി അൽ നസർ ക്ലബ്‌ സംഘം ഗോവയിലെ സ‍ൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. അൽ നസറിൽനിന്നുള്ള രണ്ടംഗ സംഘമാണ്‌ ഗോവ സന്ദർശിച്ചത്‌.



Post a Comment

Previous Post Next Post

AD01