മലയാളത്തെയും കേരളീയ സംസ്കാരത്തെയും നെഞ്ചോട് ചേർക്കുന്നവരാണ് പ്രവാസി മലയാളികളെന്നും പല സംഭാവനകൾ കൊണ്ടും ബഹ്റൈൻ പ്രവാസികൾ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇന്ത്യക്ക് പുറത്ത് ആദ്യമായി ബഹ്റൈനിലാണെന്നും വേദിയിൽ അദ്ദേഹം അനുസ്മരിച്ചു. ലഭിച്ച സ്നേഹോഷ്മള സ്വീകരണത്തിന് ബഹ്റൈൻ ഭരണകൂടത്തോട് നന്ദി അറിയിച്ച അദ്ദേഹം ഓരോരുത്തരും ഈ രാജ്യത്തെ നിയമങ്ങൾ പാലിക്കുക എന്നത് പ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് ചാർട്ടേഡ് ഫ്ലൈറ്റുകൾ ചെയ്ത് ബഹ്റൈൻ മലയാളികൾ കാണിച്ചത് ഉദാത്ത മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മലയാളത്തെ എല്ലായിടത്തും എത്തിക്കാനുള്ള മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 60 രാജ്യങ്ങളിൽ 22 ഇന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളം മിഷന്‍റെ പ്രവർത്തനങ്ങളുണ്ട്. ഇതിലൂടെ 85000 ലധികം പേർ മലയാളം പഠിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് ഇന്നുള്ളത് പോലെ ആയിരുന്നില്ല പണ്ട് എന്നത് ആദ്യം ഉൾക്കൊള്ളണം. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരള നാട് ഇന്ന് ലോകത്തിന് മാതൃകയായി മാറിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. 1956 – ൽ കേരളം രൂപം കൊണ്ടതിന് ശേഷം 1957 – ൽ ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നു. ആ സർക്കാർ നടപ്പാക്കിയ ഭൂ പരിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ വലിയ മാറ്റമുണ്ടാക്കി. പൊലീസിലെ പരിഷ്കരണം, വിദ്യാഭാസ രംഗത്തെ പരിഷ്കരണങ്ങൾ എന്നിവക്ക് ആ സർക്കാർ നേതൃത്വം കൊടുത്തു. അങ്ങനെ കേരള മോഡലിനു തുടക്കം കുറിച്ചു. കേരള മോഡലിന് പല ദൗർബല്യങ്ങളുണ്ടെന്നും അത് മനസ്സിലാക്കി മലയാളികൾ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.2016 ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ നാട് നേരിടുന്ന വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട് രക്ഷപ്പെടില്ല എന്നായിരുന്നു ആ സമയത്തെ ജനങ്ങളുടെ ധാരണ. പൊതുജനം വല്ലാത്ത നിരാശയിലായിരുന്ന ഘട്ടത്തിലാണ് ഇടത് സർക്കാർ പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് വലിയ മാറ്റം വന്നതായും നിരാശ മാറി, ജനങ്ങൾ പ്രത്യാശയോടെ കാര്യങ്ങൾ നോക്കിക്കാണാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷനൽ ഹൈ വെയുടെ നിർമ്മാണം ചെങ്കള ഭാഗത്ത് നല്ലൊരു ശതമാനം പൂർത്തിയായി. ഗെയിൽ പൈപ്പ് പദ്ധതിയുടെ ഗുണം അനുഭവിച്ച് തുടങ്ങി, അടുക്കളയിൽ ഗ്യാസ് എത്തിത്തുടങ്ങി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഭൂരിഭാഗവും നടപ്പാക്കിയ സർക്കാർ ആണ് 2016 ൽ അധികാരത്തിലെത്തിയത്. കേരള ജനതക്ക് വാഗ്ദാനം ചെയ്ത 600 പദ്ധതികളിൽ 580 ഉം നടപ്പിലാക്കാനായി. വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ആരംഭിച്ച കിഫ്ബി ഒരു പാട് വിമർശനങ്ങൾ കേട്ടു. എന്നാൽ 90000 കോടി രൂപയുടെ വികസന പദ്ധതികൾ ഇതിലൂടെ നടപ്പിലാക്കാനായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ പ്രവാസികൾ നല്ല വിദ്യാഭ്യാസം നേടി വരുന്നവരാണ്. 2016 ൽ കേരളത്തിന്‍റെ പൊതു വിദ്യാഭാസ മേഖല തകർച്ചയിൽ ആയിരുന്നു. കുട്ടികൾക്ക് പാഠപുസ്തകം പോലുമില്ലാത്ത സമയമായിരുന്നു അത്. എന്നാൽ ഇന്ന് നമ്മുടെ സ്കൂളുകൾ ഹൈ ടെക് സ്കൂളുകൾ ആണ്. അക്കാദമിക് നിലവാരം ഉയർത്താൻ സർക്കാരിനായി. തകർച്ചയിലായിരുന്ന ആരോഗ്യമേഖലയിലും വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.
.jpg)




Post a Comment