​രാ​ഗം തിയേറ്റർ ഉടമ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: 2 പ്രതികളെയും സുനിൽ തിരിച്ചറിഞ്ഞു; സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്


തൃശ്ശൂർ: രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത മണ്ണൂത്തി സ്വദേശി സിജോ, പ്രവാസി വ്യവയായും സിനിമാ നിര്‍മാതാവുമായ റാഫേലിന്‍റെ അടുത്തയാളാണെന്നും ക്വട്ടേഷന്‍ നല്‍കിയത് റാഫേലാണെന്നും രാഗം സുനില്‍ ആരോപിച്ചു. രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെയും ഡ്രൈവറെയും വെട്ടിയ സംഭവത്തില്‍ അറസ്റ്റിലായ കരുവാറ്റ സ്വദേശികളായ ആദിത്യന്‍, ഗുരുദാസ് എന്നിവരെയാണ് തൃശൂര്‍ എസിപി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉച്ചയോടെ വിളപ്പായയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുനിലിനായി കാത്തുനിന്ന വഴികള്‍, വെട്ടിയശേഷം രക്ഷപെട്ടോടിയ സ്ഥലങ്ങൾ എന്നിവ പ്രതികള്‍ അന്വേഷണ സംഘത്തിന് വിവരിച്ചു നല്‍കി. പ്രതികളെ സുനിലും ഡ്രൈവറും തിരിച്ചറിഞ്ഞു. മണ്ണൂത്തി സ്വദേശി സിജോ നല്‍കിയ ക്വട്ടേഷനേറ്റെടുത്താണ് പ്രതികള്‍ സുനിലിനെത്തേടി എത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം തന്നെ ആക്രമിച്ചതിന് പിന്നില്‍ പ്രവാസി വ്യവസായിയായ റാഫേലാണെന്നാണ് സുനില്‍ ആരോപിക്കുന്നത്. സിനിമയുടെ വിതരണം സംബന്ധിച്ച് വ്യവസായിയുമായി തര്‍ക്കം നിലനിന്നിരുന്നു. ഒരു കൊല്ലം മുമ്പ് സിജോ തീയറ്ററിലെത്തി ഭീഷണി മുഴക്കി. അന്ന് നല്‍കിയ കേസില്‍ സിജോയും റാഫേലും പ്രതികളാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും സുനില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി ഇനി കസ്റ്റഡിയിലാവാനുണ്ട്. ഇയാളെ വൈകാതെ പിടികൂടുമെന്ന് പൊലീസ്,. സംഭവത്തില്‍ ഇതുവരെ ആറുപേരെയാണ് പിടികൂടിയിട്ടുള്ളത്. പ്രവാസി വ്യവസായിയെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല. സുനിലിന്‍റെ ആരോപണത്തില്‍ പ്രവാസി വ്യവസായിയുടെ പ്രതികരണം തേടാന്‍ തേടിയെങ്കിലും ലഭ്യമായില്ല.




Post a Comment

Previous Post Next Post

AD01