കായിക മേഖലയിൽ നടപ്പിലാക്കിയത് 3400 കോടിയുടെ വികസനം - മന്ത്രി വി. അബ്ദുറഹിമാൻ


കായിക രംഗത്ത്  ഒമ്പത് വർഷത്തിനിടെ  3400 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്തിന് ആദ്യ സന്തോഷ് ട്രോഫി വിജയം സ്വന്തമാക്കിയ ടീമംഗങ്ങൾക്ക് നൽകിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ 600 കോടിയുടെ വികസനം പൂർത്തീകരിച്ചു. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ നവീകരണം ഉടൻ പൂർത്തിയാവും. നിലവിൽ ഫിഫ അംഗീകാരമില്ലാത്ത സ്റ്റേഡിയത്തിന് അടുത്ത ആഴ്ച അംഗീകാരം ലഭിക്കും. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ സമഗ്ര കായിക പാഠ്യപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ  പ്രസിഡൻ്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ്, കായിക വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്, സംസ്ഥാന  സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എ. ശ്രീകുമാർ, അഡ്വ. രഞ്ജു സുരേഷ്, സ്പോർട്സ് ഫൗണ്ടേഷൻ കേരള ഡയറക്ടർ വി.പി. അനിൽകുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡൻ്റ് എം.നാരായണൻ എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post

AD01