‘മന്ത്രിമാർ അറിയാതെ സ്വർണക്കൊള്ള നടക്കില്ല, കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണമെത്തും’; കെ മുരളീധരൻ


മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ്കെ മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം എത്തും. ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണ്. ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.

ശബരിമല പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയെന്നു സൂചന.

ദ്വാരപാലക ശിൽപങ്ങളിൽനിന്ന് ഇളക്കിയെടുത്ത പാളികൾ 39 ദിവസത്തിനു ശേഷം മാത്രം ചെന്നൈയിൽ എത്തിച്ചതിലും പിന്നീട് തിരിച്ചു കൊണ്ടുവന്നപ്പോൾ ഭാരം തിട്ടപ്പെടുത്താതെ സ്ഥാപിച്ചതിലുമടക്കം ബോർഡിന്റെ ഭാഗത്തുനിന്നു ദുരൂഹമായ അലംഭാവം ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്തമാണെങ്കിലും അതിൽ ബോർഡ് അംഗങ്ങൾ എന്തു വിശദീകരണം നൽകിയെന്നു വ്യക്തമല്ല.

പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കും മുൻപ് കഴിഞ്ഞ ദിവസമാണ് ശങ്കരദാസിനെയും വിജയകുമാറിനെയും എസ്ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തത്. എന്നാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനെപ്പറ്റി ഇരുവരും പ്രതികരിച്ചില്ല.



Post a Comment

Previous Post Next Post

AD01