പുസ്തക വായനയിലൂടെ ആർജിച്ച വിവേകം കൂടിയാണ് സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തി പോലുള്ള നേട്ടങ്ങള്‍ക്ക് കരുത്തായതെന്ന് മുഖ്യമന്ത്രി


പുസ്തക വായനയിലൂടെ ഉണ്ടായ വിവേകം കൂടിയാണ് സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തി പോലെയുള്ള നേട്ടങ്ങള്‍ക്ക് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. വിശക്കുന്നവരില്ലാത്ത, അഗതികളായ മനുഷ്യരില്ലാത്ത നാടായി നമ്മുടെ നാട് മാറി. അതിന് സഹായകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തില്‍ ഉയര്‍ന്നുവന്ന വായനാ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചത് കേരളത്തിലാണ്. ഓരോ വാര്‍ഡിലും വായനശാലകള്‍ ഉള്ള ഇടങ്ങള്‍ ഉണ്ട്. കേരളത്തിലെ ഗ്രന്ഥശാലകള്‍ കേവലം പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ മാത്രമല്ല, നമ്മുടെ നാടിന്റെ സാമൂഹികവും വൈജ്ഞാനികവുമായ ഉന്നതിയിൽ മുഖ്യ പങ്കുവഹിക്കുന്ന ഇടങ്ങൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഗ്രന്ഥശാലകള്‍ വികസിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഭാഗമായാണ്. സാമൂഹ്യ മാധ്യമ സ്വാധീനം വർധിച്ചതോടെ കൂട്ടായ്മകളുടെ എണ്ണം കുറഞ്ഞുവന്നു. സാമൂഹ്യ പുരോഗമനത്തിന് അനുകൂലമാകുന്ന രീതിയില്‍ ഇവയെ മാറ്റിത്തീര്‍ക്കാന്‍ കഴിയണം.

നാട്ടില്‍ അന്ധവിശ്വാസവും അനാചാരവും തിരിച്ചുകൊണ്ടുവരാന്‍ ചില സ്ഥാപിത വിഭാഗം ശ്രമിക്കുന്നുണ്ടെന്നും ദുഷ്ട ശക്തികളുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ജനങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



Post a Comment

Previous Post Next Post

AD01