അവന്റെ സകല ചരിത്രവും എനിക്കറിയാം,എല്ലാംപരസ്യമായി വിളിച്ചുപറഞ്ഞാൽ അതവന്റെ അന്ത്യംകുറിക്കും:രാജ്‌മോഹൻ ഉണ്ണിത്താൻ


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ നില്‍ക്കരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 'കോണ്‍ഗ്രസില്‍ വ്യക്തിത്വമുളളവരെ സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അവരുടെ വായടപ്പിക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇവന്റെ സകല ചരിത്രവും എനിക്കറിയാം. അതുകൊണ്ട് ഇനി സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരും. ആ പറയുന്നത് അവന്റെ അന്ത്യംകുറിക്കും. എന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരു കേസ് മാത്രമല്ല, ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്കുവേണ്ടി കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സാധ്യതകളെ മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു വ്യക്തിക്കുവേണ്ടി പ്രസ്ഥാനത്തെ ബലികഴിപ്പിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പൊതുജനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നിലയും വിലയും നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വീക്ഷണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വന്ന മുഖപ്രസംഗത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'വീക്ഷണത്തില്‍ വന്ന ലേഖനം എന്ത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ മുഖപത്രത്തില്‍ എഴുതിയത്, ആരാണ് അത് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നൊക്കെ അവര്‍ പറയേണ്ടതാണ്. കേരളത്തിലെ പൊതുസമൂഹം ആ എഡിറ്റോറിയലൊക്കെ പരമപുച്ഛത്തോടെ തളളിക്കളയും. അതില്‍ സംശയമില്ല': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.



Post a Comment

Previous Post Next Post

AD01