പാലക്കാട് ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. സുഹാനെ കണ്ടെത്താൻ ഇന്നലെ മുതൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. പുറത്തെടുത്ത മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ച് തുടക്കം മുതൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളവരമ്പ് വരെ മണം പിടിച്ചു എത്തിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചത്. അഞ്ചോളം ആമ്പൽ കുളങ്ങൾ ആണ് വീടിന് സമീപത്തായി ഉണ്ടായിരുന്നത്. അതേസമയം മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപത്തേക്ക് കുട്ടി എങ്ങനെ എത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. കറുകമണി എരുമങ്കോട് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകനാണ്. സഹോദരനോട് പിണങ്ങിയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. പിതാവ് മുഹമ്മദ് അനസ് വിദേശത്താണ്.
.jpg)



Post a Comment