ശബരിമല: കാനനപാതയിലെ കാവലിനും കരുതലിനും വിവിധ വകുപ്പുകൾക്ക് കൈയ്യടിച്ച് തീർഥാടകർ


ശബരിമലയിലേക്കുള്ള യാത്രയിൽ കാനനപാതയിലെ കാവലിനും കരുതലിനും വിവിധ വകുപ്പുകൾക്ക് കൈയടിച്ച് തീർഥാടകർ. സത്രം-പുല്ലുമേട് വഴിയുള്ള തീർത്ഥാടനം സമ്മാനിക്കുന്നത് പ്രകൃതിയും ഭക്തിയും ഒന്നാകുന്ന വേറിട്ട അനുഭവമാണ്. പെരിയാർ കടുവാ സങ്കേതത്തിന്റെ വന്യതയിലൂടെ കടന്നു പോകുന്നവർക്ക് കരുതലുമായി വനംവകുപ്പും പോലീസും ആരോഗ്യവകുപ്പും കൂടെയുണ്ട്.

സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത, ‘ചോല-പുൽമേട്’ എന്ന അപൂർവ്വ ആവാസവ്യവസ്ഥയുടെ നേർകാഴ്ചയാണ്. കണ്ണിന് കുളിർമയേകുന്ന വിശാലമായ പുൽപ്പരപ്പുകളും അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന ചോലവനങ്ങളുമാണ് ഇതിന്‍റെ പ്രധാന ആകർഷണം. സീതക്കുളം, സീറോ പോയിൻ്റ്, പുല്ലുമേട്, ഉരക്കുഴി എന്നിവയാണ് പാതയിലെ പ്രധാന ഇടത്താവളങ്ങൾ.

ആന, കടുവ, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസമേഖലയാണ് സന്നിധാനത്തേക്കുള്ള ഈ പരമ്പരാഗത തീർത്ഥാടനപാത. അതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഭക്തർക്ക് സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണം പാതയിലുടനീളമുണ്ട്. നിശ്ചിത പാത വിട്ട് പുൽമേടുകളിലേക്കോ കാടുകളിലേക്കോ ഇറങ്ങാൻ തീർഥാടകരെ അനുവദിക്കില്ല. വനപാതയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനത്തെക്കുറിച്ച് തീർഥാടകർക്കും നൂറുനാവാണ്.

“പോലീസും ഫോറസ്റ്റും നൽകുന്ന പിന്തുണ വലിയ ആശ്വാസമാണ്. ഇതുവരെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല,” തിരുവനന്തപുരം വിളപ്പിൽശാലയിൽ നിന്നും 21 അംഗ സംഘത്തോടൊപ്പം എത്തിയ സ്വാമി പറയുന്നു. തിരക്ക് വർധിച്ചെങ്കിലും മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.

സത്രത്തിൽ നിന്നും 5-6 കിലോമീറ്റർ പിന്നിട്ട് ഓടാംപ്ലാവ് പോയിൻ്റിൽ എത്തിയാൽ വനംവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയ ‘വിശ്രമകേന്ദ്രം’ കാണാം. വിശപ്പകറ്റാൻ ചൂട് കഞ്ഞിയും പയറും അച്ചാറും ഇവിടെ സൗജന്യമായി ലഭിക്കും. കൂടാതെ ചായയും ലഘുഭക്ഷണവും കഴിച്ച്, അൽപ്പനേരം വിശ്രമിച്ച് യാത്ര തുടരുകയുമാകാം. അവസാനത്തെയാളും കടന്നു പോയി എന്ന് ഉറപ്പാക്കിയ ശേഷമേ ഭക്ഷണശാല അടക്കാറുള്ളൂ എന്ന് ഇവിടെ ഡ്യൂട്ടിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടിയന്തിര വൈദ്യസഹായത്തിനായി ഓഫ് റോഡ് ആംബുലൻസ് സേവനവും സജ്ജമാണ്.

“യാത്രയിലുടനീളം കുടിവെള്ളവും ഭക്ഷണവും സുരക്ഷിതത്വവും നൽകുന്ന ഉദ്യോഗസ്ഥരോട് നന്ദിയുണ്ട്,” ഭക്ഷണം കഴിച്ച് യാത്ര തുടരുന്നതിനിടെ തിരുപ്പതിയിൽ നിന്നെത്തിയ സ്വാമി പറഞ്ഞു.

രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ സത്രത്തിൽ നിന്നും കടത്തിവിടുകയുള്ളൂ. കാനനവിശുദ്ധി കാത്തുസൂക്ഷിക്കാൻ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് കർശന നിരോധനവും പരിശോധനയുമുണ്ട്. വൈകുന്നേരം ആറ് മണിക്ക് മുൻപായി ഭക്തർ സന്നിധാനത്ത് എത്തണം. ഇരുട്ട് വീണു കഴിഞ്ഞാൽ അയ്യപ്പഭക്തരെ സന്നിധാനത്തെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. അവസാന പട്രോളിങ്ങും നടത്തി, സത്രത്തിലെ ചെക്ക് പോയിൻ്റിൽ നിന്നും കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൻ നമ്പരുകളും ഒത്തുനോക്കി, പാതയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്.



Post a Comment

Previous Post Next Post

AD01