‘ജനവികാരം സർക്കാരിനെതിരല്ല; യുഡിഎഫും ബിജെപിയും നടത്തുന്നത് മതനിരപേക്ഷത തകർക്കുന്ന പ്രചാരണങ്ങൾ’: എം വി ഗോവിന്ദൻ മാസ്റ്റർ


ഗൃഹസന്ദർശന പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായും സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഇല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനവികാരം സർക്കാരിനെതിരല്ല എന്ന് അടിവരയിടുന്ന പ്രതികരണമാണ് ഗൃഹസന്ദർശനത്തിനിടെ വീടുകളിൽ നിന്ന് ലഭിച്ചത്. മാധ്യമങ്ങൾ വെറുതെ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാടെടുത്തവർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ട്. ജനം ഇടതു സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നു. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഇടത് മുന്നണിക്കെതിരെ യുഡിഎഫും ബിജെപിയും കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മതനിരപേക്ഷത തകർക്കുന്ന പ്രചാരണമാണ് നടക്കുന്നത്. SIR പിണറായി സർക്കാരിന്‍റെ പരിപാടിയാണെന്നും ന്യൂനപക്ഷങ്ങളെ പുറത്താക്കാനുള്ള നടപടിയാണെന്നുമുള്ള പച്ചക്കള്ളം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിച്ചിരുന്നു. തെറ്റായ പ്രചരണത്തിൽ ജനങ്ങൾ വീണ് പോകുമെന്ന് അവർ വിലയിരുത്തിയെങ്കിലും ഇതിലെ പൊള്ളത്തരം ജനങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. യുഡിഎഫിന്റെ വർഗീയ പ്രചരണത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post

AD01