പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ​ദേവകി അമ്മയ്ക്ക് പത്മശ്രീ




 ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കുള്ള സമ​ഗ്രസംഭാവനയാണ്. ആലപ്പുഴയിലെ മുതുകുളത്ത് 5 ഏക്കർ ഭൂമിയിൽ 3,000-ത്തിലധികം വൈവിധ്യമാർന്ന വൃക്ഷങ്ങളടങ്ങിയ കാട് നിർമ്മിച്ച് പരിപാലിച്ചു വരികയാണ് ദേവകി അമ്മ.തപസ്വനം എന്ന പേരിലാണ് ഈ മനുഷ്യ നിർമിത വനം അറിയപ്പെടുന്നത്. നാല് പതിറ്റാണ്ടിലേറെയുളള ശ്രമത്തിന് 92-ാം വയസ്സിലാണ് ദേവകി അമ്മയെത്തേടി അം​ഗീകാരമെത്തിയത്. സ്വന്തം ഭവനത്തോട് തന്നെ ചേർന്ന് കിടന്ന തരിശ് ഭൂമിയിലാണ് ദേവകി അമ്മ മരങ്ങൾകൊണ്ട് വിസ്മയം തീർത്തത്. ഇതിന് മുൻപ് 2021-ൽ നാരി ശക്തി പുരസ്കാരവും ദേവകി അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങൾളുൾപ്പെടെയുള്ള വനം നിർമ്മിക്കാൻ 40 വർഷത്തെ പ്രയത്നമാണ് വേണ്ടി വന്നത്.അധ്യാപകനായിരുന്ന ദേവകിയമ്മയുടെ ഭർത്താവ് ഗോപാലകൃഷ്ണപിള്ള എല്ലാ ദിവസവും വിവിധയിനം വിത്തുകൾ കൊണ്ടു നൽകുമായിരുന്നു. കുടുംബവും ബന്ധുക്കളും ദേവകിയമ്മയ്ക്ക് പൂർണ പിൻതുണ നൽകിയിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ എൻവയോൺമെന്റ് എഞ്ചിനീയറിങ് വകുപ്പ് മേധാവിയായിരുന്ന മകൾ തങ്കമണിയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്. 1980-ൽ ഉണ്ടായ ഒരു വാഹനാപകടത്തിന് ശേഷം ദേവകിയമ്മ ഏറെ നാൾ കിടപ്പിലായിരുന്നു. അതിന് ശേഷമാണ് വൃക്ഷങ്ങൾ നടുന്നതിലേക്ക് തിരിഞ്ഞത്.


Post a Comment

Previous Post Next Post

AD01